പാറശാല: തമിഴ്‌നാട്ടിൽ ധാരാളമായി കണ്ടുവരാറുള്ള സൂര്യകാന്തി പൂകൃഷിയിൽ നൂറുമേനി വിരിയിച്ച് പാറശാല ബ്ലോക്ക് പഞ്ചായത്ത്.കുളത്തൂർ ഗ്രാമപഞ്ചായത്ത് ഊരൻവിള കാർഷിക കൂട്ടായ്മയുടെ നേതൃത്വത്തിൽ രണ്ടര ഏക്കറോളം തരിശ് ഭൂമിയിലാണ് സൂര്യകാന്തി പാടം. കെ.എസ്.ആർ.ടി.സിയുടെ പാറശാല ഡിപ്പോയിലെ കണ്ടക്ടർ സിഞ്ജുവിന്റേയും വിമുക്തഭടനായ വിനോദിന്റെയും നേതൃത്വത്തിൽ ഏഴുപേരടങ്ങുന്ന സംഘത്തിന്റെ അദ്ധ്വാനത്തിന്റെ ഫലമാണ് ജില്ലയിൽ ചരിത്രത്തിലാദ്യമായി ഇത്തരം ഒരു സൂര്യകാന്തി പാടം ഒരുക്കാനായത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയും കുളത്തൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവനുംമാർഗനിർദേശങ്ങളുമായി മുന്നിലുണ്ട്. വർണ്ണമനോഹരമായ സൂര്യകാന്തി പാടങ്ങൾ ദർശിക്കാൻ വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് ഊൻവിളയിലെത്തുന്നത്. പ്രദർശനത്തിന്റെ ഭാഗമായി നിരവധി സ്റ്റാളുകളും വൈകുന്നേരങ്ങളിൽ വിവിധ കലാവിരുന്നുകളും ഒരുക്കിയിട്ടുണ്ട്.
കൃഷിക്ക് യോഗ്യമല്ലാത്ത തരിശുഭൂമിയെന്ന് വിധിയെഴുതിയിരുന്ന പ്രദേശമാണ് ഇവിടം. കഴിഞ്ഞ ഓണക്കാലത്ത് കർഷകകൂട്ടായ്മ ഇവിടെ ആദ്യമായി ജമന്തി പാടം ഒരുക്കി അദ്ഭുതം സൃഷ്ടിക്കുകയുണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ സൂര്യകാന്തി 2കെ25 ദർശിക്കാനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, എ.എ.റഹീം എം.പി, അശ്വമേധം ക്വിസ് മാസ്റ്റർ ജി.എസ്.പ്രദീപ്, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |