തിരുവനന്തപുരം: വായന ജീവിതത്തിന്റെ ഭാഗമാക്കി വായിച്ചുവളരാനുള്ള വിശാല ലോകമാണ് തലസ്ഥാനത്തെ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി(പബ്ലിക് ലൈബ്രറി) തുറന്നിട്ടിരിക്കുന്നത്. ഒരിക്കലും വറ്റാത്ത ഉറവപോലെയാണിത്. ലൈബ്രറിയിലെ ഷെൽഫുകളിലുള്ള വിവിധ ഭാഷകളിലെ വ്യത്യസ്തങ്ങളായ രചനകളിലൂടെ ലോകത്തെ അറിയാം. കേരളത്തിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത പദവികളിലെത്തിയവരും രാഷ്ട്രീയ,കല, സാഹിത്യ,സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർക്കും ഈ ലൈബ്രറിയാണ് കരുത്തായിരുന്നു.
യുവജനങ്ങൾ ഡിജിറ്റൽ ലോകത്തേക്ക് ചുരുങ്ങിയതോടെ ഗൗരവകരമായ വായന കുറഞ്ഞു. കാര്യമറിയാൻ വേണ്ടിമാത്രമുള്ള വായനയ്ക്ക് പിന്നാലെയായി ഭൂരിഭാഗം പേരും. ഇത് ലൈബ്രറിയുടെ അകത്തളങ്ങളിലും പ്രകടമാണ്. യുവജനങ്ങളുടെ എണ്ണത്തിൽ വലിയ കുറവുണ്ട്. എന്നാൽ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരാണ് എത്തുന്ന യുവജനങ്ങളിൽ ഭൂരിഭാഗവും.പരീക്ഷാകാലം കഴിഞ്ഞാൽ ഇവരുടെ വരവും നിൽക്കും. ഇപ്പോഴും മുടങ്ങാതെ എത്തുന്നത് മുതിർന്നവരാണ്. ചെറിയൊരു ശതമാനം കുട്ടികൾ ആഴ്ചയിലൊരിക്കലെങ്കിലും കൃത്യമായി ലൈബ്രറിയിലെത്തി ക്ലാസിക്ക് നോവലുകൾ ഉൾപ്പെടെ വായിക്കാനെടുക്കുന്നത് ഇക്കാലത്തും വലിയ ആശ്വാസമാണെന്ന് ലൈബ്രറി അധികൃതർ പറയുന്നു. കൃത്യമായ ഇടവേളകളിൽ പുതിയ സൃഷ്ടികൾ ഉൾക്കൊള്ളിച്ച് കാലാനുസൃതമായി വായനയ്ക്കൊപ്പം മുന്നേറുകയാണ് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി.
ഒരുലക്ഷം സജീവ അംഗങ്ങളാണുള്ളത്. 14വയസ് മുതലുള്ളവർക്ക് മെമ്പർഷിപ്പ് അനുവദിക്കും.പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മുതൽ രാത്രി എട്ടുവരെയും ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുവരെയും വായനയുടെ ഈ ലോകത്തേക്ക് കടന്നുവരാം. രണ്ടാം ശനി അവധിയാണ്.
ചരിത്രം പേറുന്ന വായനായിടം!
ഇന്ത്യയിലെ ആദ്യത്തെ പൊതു ഗ്രന്ഥശാലകളിൽ ഒന്നാണിത്.1829സ്വാതി തിരുനാൾ രാമവർമ തിരുവിതാംകൂർ ഭരിച്ചിരുന്ന കാലത്താണ് പ്രവർത്തനമാരംഭിച്ചത്. വിക്ടോറിയ മഹാറാണിയുടെ ജൂബിലി ആഘോഷത്തിന്റെ സ്മരണയ്ക്കാണ് ലൈബ്രറി സ്ഥാപിച്ചത്. 1847ൽ ലൈബ്രറി ഒരു രജിസ്റ്റേർഡ് സൊസൈറ്റിയായി. 1894ൽ ജോയിന്റ് സ്റ്റോക്ക് കമ്പനിയായി രജിസ്റ്റർ ചെയ്ത സൊസൈറ്റി പബ്ളിക് ലൈബ്രറി അസോസിയേഷനായി. 1897ൽ തിരുവിതാംകൂർ സർക്കാരിന് കൈമാറി അന്നത്തെ രാജാവായ ശ്രീമൂലം തിരുനാൾ ലൈബ്രറി ജനങ്ങൾക്കായി തുറന്നുകൊടുത്തു.1938മുതൽ ലൈബ്രറി തിരുവിതാംകൂർ യൂണിവേഴ്സിറ്റിയുടെ നിയന്ത്രണത്തിലായി. 1988മുതൽ ഉന്നത വിദ്യാഭ്യാസ വകുപ്പു സെക്രട്ടറി പ്രസിഡന്റായും സ്റ്റേറ്റ് ലൈബ്രേറിയൻ കൺവീനറുമായ സമിതിക്കാണ് ഭരണച്ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |