കോവളം: പാലത്തിനായുള്ള പനത്തുറ നിവാസികളുടെ കാത്തിരിപ്പ് അനന്തമായി നീളുന്നു. പനത്തുറയ്ക്കും വാഴമുട്ടം ചെന്തിലാക്കരിക്കും മദ്ധ്യേയുള്ള ടി.എസ് കനാലിന് കുറുകെ പാലം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അക്കരെ പോകുന്നതിന് ഏക ആശ്രയമായിരുന്ന കടത്തുവള്ളം കുറച്ചുദിവസം മുമ്പ് നിലച്ചതോടെ ദുരിതം ഇരട്ടിയായി.
സാമൂഹ്യവിരുദ്ധർ വള്ളത്തിന് കേടുപാട് വരുത്തിയതു കാരണമാണ് പ്രവർത്തനം നിറുത്തിവച്ചതെന്ന് ചൂണ്ടിക്കാണിച്ച് നഗരസഭയിലും തിരുവല്ലം സ്റ്റേഷനിലും പരാതി നൽകിയെന്നാണ് വള്ളക്കാരൻ പറയുന്നത്. അതേസമയം വിഷയം ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് നഗരസഭ അധികൃതരുടെ മറുപടി. ജനങ്ങൾ യാത്രാക്ലേശം അനുഭവിച്ചിട്ടും കടത്തുവള്ളം ഏർപ്പെടുത്താൻ നഗരസഭ ഇടപെട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
വള്ളത്തിന്റെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട അധികൃതർ പരിശോധിച്ച ശേഷം റിപ്പോർട്ട് നഗരസഭയ്‌ക്ക് നൽകിയാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്.
പാലത്തിനായി കാത്തിരിപ്പ്
-----------------------------------------------
പാലത്തിന്റെ കാര്യത്തിൽ വാഗ്ദാനങ്ങൾ ലഭിക്കുന്നതല്ലാതെ നടപടിയുണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. കുട്ടികൾക്ക് വാഴമുട്ടം,പാച്ചല്ലൂർ തുടങ്ങിയ വിദ്യാലയങ്ങളിലേക്ക് പോകുന്നതിനും കടത്തല്ലാതെ മറ്റ് മാർഗമില്ല. നഗരത്തിലെ മറ്റ് സ്ഥലങ്ങളിൽ പോകുന്നവർക്ക് ഹൈവേയിൽ നിന്ന് രണ്ടരക്കിലോമീറ്ററോളം ചുറ്റിസഞ്ചരിച്ചാലേ തിരികെ വീട്ടിലെത്താൻ സാധിക്കൂ. വൈകിട്ട് നാലുവരെ മാത്രമാണ് കടത്തുകാരന്റെ സേവനം ലഭിക്കുക. അത് കഴിഞ്ഞെത്തുന്നവർ ഇരുകരകളിലും കെട്ടിയിട്ടുള്ള കയറിൽ പിടിച്ചാണ് വള്ളത്തിലൂടെ യാത്ര ചെയ്യുന്നത്. പലപ്പോഴും വള്ളം ആടിയുലഞ്ഞ് മറിയുന്ന സ്ഥിതിയുമുണ്ടായിട്ടുണ്ട്.
40 വർഷമായിട്ടും നടപടിയില്ല
------------------------------------------------------
1985ൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കുടുംബത്തോടൊപ്പം പനത്തുറ സന്ദർശിച്ചിരുന്നു. അന്ന് നാലുവള്ളങ്ങൾ കൂട്ടിക്കെട്ടിയാണ് എല്ലാവരും മറുകരയിലെത്തിയത്. ജനങ്ങളുടെ ദുരവസ്ഥ മനസിലാക്കിയ പ്രധാനമന്ത്രി അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനോട് പാലവും കടൽഭിത്തിയും നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുറച്ചുഭാഗത്ത് കടൽഭിത്തി നിർമ്മിച്ചു. എന്നാൽ പാലവുമായി ബന്ധപ്പെട്ട് സർവേ നടപടികൾ,മണ്ണ് പരിശോധന,പൈലിംഗ് എന്നിവ നടത്തിയെങ്കിലും തുടർനടപടികളുണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |