വിതുര: ഇനി സ്വർണവും പണവും സൂക്ഷിച്ചില്ലെങ്കിലും ഉണക്കമീൻ സൂക്ഷിക്കണം. ഇല്ലേൽ കള്ളൻകൊണ്ടുപോകും. മത്സ്യത്തിനും ഇറച്ചിക്കും വിലകൂടിയതോടെ ഉണക്കമീനെങ്കിലും വേണ്ടേ... വിതുര പഞ്ചായത്തിലെ ചെറ്റച്ചലിലാണ് സംഭവം. ജംഗ്ഷനിൽ സൂര്യകാന്തി റോഡരികിൽ തമിഴ്നാട് സ്വദേശിയുടെ പച്ചക്കറി കടയിൽനിന്നാണ് ഉണക്കമീൻ കള്ളൻ പൊക്കിയത്. കടയിൽ ആവശ്യത്തിന് പച്ചക്കറിയും പണവുമുണ്ടായിട്ടും പൂട്ടുപൊളിച്ച് ആളെ മെനക്കെടുത്താൻ കള്ളൻ തയാറല്ല, കടയുടെ അഴിയിലൂടെ കൈയിട്ട് ഉണക്കമീൻ പായ്ക്കറ്റുകൾ മാത്രമെടുത്തു. അൻപതോളം പായ്ക്കറ്റ് ചാള, നെത്തോലി എന്നിവയാണ് കള്ളനെടുത്തത്. പക്ഷേ, ഇതെല്ലാം കണ്ടുകൊണ്ട് മുകളിൽ സിസി.ടിവിയുള്ളകാര്യം പാവം കള്ളനറിഞ്ഞില്ല. കാര്യംകണ്ടുപിടിച്ച കടയുടമ പൊലീസിൽ പരാതി നൽകി. ചെറ്റച്ചൽ സ്വദേശിയായ മിഥിൽ രാജെന്ന കള്ളനെ നാട്ടുകാർ തിരിച്ചറിഞ്ഞു. അതേസമയം, വിതുര പഞ്ചായത്തിൽ വിവിധയിടങ്ങളിലായി സ്വർണവും പണവും കവർന്ന മോഷ്ടാക്കളെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |