തിരുവനന്തപുരം: മാലിന്യ സംസ്കരണത്തിന് നഗരസഭ ഏർപ്പെടുത്തുന്ന പട്ടാളപ്പുഴുവിനെ ഉപയോഗിച്ചുള്ള സംവിധാനത്തിന് നഗരസഭ ടെൻഡർ ക്ഷണിച്ചതിൽ രണ്ട് കമ്പനികളെത്തി. കൊച്ചി നഗരസഭയ്ക്ക് വേണ്ടിയുള്ള കമ്പനികളാണ് എത്തിയത്. തുമ്പൂർമുഴി ബിന്നുകൾക്കൊപ്പം പട്ടാളപ്പുഴുവിനെ ഉപയോഗിച്ചുള്ള ബി.എസ്.എഫ് പ്ലാന്റുകളും ആരംഭിക്കും. ബ്ലാക്ക് സോൾജ്യർ ഫ്ളൈ എന്നറിയപ്പെടുന്ന ഈച്ചയുടെ ലാർവയാണ് ഈ പുഴുക്കൾ. ഇവ മാലിന്യം ഭക്ഷിച്ച് വളമാക്കിമാറ്റും. ഇത്തരത്തിലെ രണ്ട് പ്ലാന്റുകൾ അടിയന്തരമായി ആരംഭിക്കും.
പട്ടാളപ്പുഴുവിലൂടെ എങ്ങനെ മാലിന്യ സംസ്കരണം
ബ്ലാക്ക് സോൾജിയർ ഈച്ചയ്ക്ക് 57 ദിവസം മാത്രമാണ് ആയുസ്. ഭക്ഷ്യാവശിഷ്ടങ്ങളിലാണ് ഇവ മുട്ടയിടുന്നത്. മുട്ട വിരിഞ്ഞ് പുറത്തേക്ക് വരുന്ന ലാർവകൾ മാലിന്യം തിന്ന് വളരുന്നു. 20 ദിവസം കഴിഞ്ഞാൽ ഈച്ചകൾ പുറത്തു വരും. ഇണ ചേരുന്നതോടെ ആണീച്ചകൾ ചത്തു വീഴും. മുട്ടയിടുന്നതോടെ പെണ്ണീച്ചകളും ചാവുന്നു. ബ്ലാക്ക് സോൾജിയർ ഫ്ളൈയുടെ ലാർവകൾ ഭക്ഷണമാക്കിയതിന് ശേഷമുള്ള അവശിഷ്ടങ്ങളും അതിൽനിന്ന് വരുന്ന ദ്രാവകവും മികച്ച വളമാണ്. ഈച്ചകളിൽ ഏറ്റവും ഉയർന്ന തീറ്റപരിവർത്തനശേഷിയുള്ളവയാണ് ബ്ലാക്ക് സോൾജിയർ ഫ്ളൈ. ഇതിനു വായയോ കുടൽമാലകളോ ഇല്ല. ജൈവമാലിന്യങ്ങളെ ചുരുങ്ങിയ സമയത്തിനുള്ളിൽ വിഘടിപ്പിക്കാൻ ബി.എസ്.എഫ് ലാർവകൾക്ക് കഴിയും.
സൂക്ഷ്മാണുക്കളുടെ
എണ്ണം കുറയുന്നു
സാധാരണ തുമ്പൂർമുഴിയിൽ നിന്ന് ദുർഗന്ധം വമിക്കുന്ന പരാതികൾ അധികമാണ്. എന്നാൽ വേഗത്തിൽ മാലിന്യം പരിവർത്തനം ചെയ്യുമ്പോൾ മാലിന്യങ്ങളിൽ നിന്നുള്ള ദുർഗന്ധം കുറയുന്നു. കൂടാതെ, രോഗകാരികളായ സൂക്ഷ്മാണുക്കളുടെ എണ്ണവും കുറയുന്നു.
കമ്പോസ്റ്റ് സിസ്റ്റം
നിലവിലെ സംവിധാനങ്ങൾ ഉപയോഗിച്ച് ജൈവ മാലിന്യസംസ്‌കരണം പത്തിരട്ടിയോളം വർദ്ധിപ്പിക്കാവുന്ന റാപ്പിഡ് കമ്പോസ്റ്റ് സിസ്റ്റം പദ്ധതിയും വ്യാപിപ്പിക്കും. ജൈവമാലിന്യം അരച്ച് ജലാംശം ഒഴിവാക്കി സംസ്‌കരിക്കുന്നതാണ് രീതി. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ 15 ടൺ വരെ സംസ്‌കരിക്കുന്നത് 50 ടണ്ണായി ഉയർത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |