തിരുവനന്തപുരം: കൊല്ലത്ത് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മന്ത്രി വി.ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ടും സർവകലാശാലകളിലെ ഭരണസ്തംഭനത്തിനെതിരെയും എ.ബി.വി.പി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടന്ന് സെക്രട്ടേറിയറ്റ് വളപ്പിൽ പ്രവേശിക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് വനിതാപ്രവർത്തകർ ഉൾപ്പെടെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെ നീക്കാനുള്ള പൊലീസ് ഇടപെടൽ വീണ്ടും സംഘർഷത്തിൽ കലാശിച്ചു. ഒടുവിൽ പ്രവർത്തകരെ തൂക്കിയെടുത്ത് പൊലീസ് വാനിലേക്ക് കയറ്റുകയായിരുന്നു. പ്രതിഷേധ സമരം സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ് ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറിമാരായ ബി.ഗോകുൽ,എം.മനോജ്,അക്ഷയ്,ജില്ലാസെക്രട്ടറി അഭിനന്ദ്,കല്യാണി ചന്ദ്രൻ,എൻ.ഇ.സി അംഗം ദിവ്യാപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |