കോതമംഗലം: കോതമംഗലത്ത് ഇഞ്ചി കർഷകർക്ക് തിരിച്ചടിയായി പൈറിക്കുലാറിയ കുമിൾ രോഗം വ്യാപിക്കുന്നു. ബ്ലോക്കിലെ എല്ലാ പ്രദേശങ്ങളിലും രോഗവ്യാപനം ഉണ്ടായിട്ടുണ്ട്. ഏക്കർ കണക്കിന് സ്ഥലത്തെ കൃഷി അപ്പാടെ നശിക്കുകയും ചെയ്തു. കോട്ടപ്പടി ഭാഗത്താണ് ആദ്യം രോഗവ്യാപനം ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധരെ കൊണ്ടുവന്ന് നടത്തിയ പഠനത്തിലാണ് പൈറിക്കുലാറിയ രോഗമെന്ന് സ്ഥിരീകരിച്ചത്.
ഇലയിൽ പുള്ളിക്കുത്തുകളായാണ് രോഗം പ്രത്യക്ഷപ്പെടുന്നത്. പിന്നീട് അതിവേഗം തണ്ടിലേക്കും ഇഞ്ചിയിലേക്കും വ്യാപിക്കും. രോഗവ്യാപനം കണ്ടെത്തിയാൽ ഉടനടി മരുന്ന് പ്രയോഗിക്കണം. വൈകിയാൽ ഫലമുണ്ടാകില്ല. തുടക്കത്തിലെ മരുന്ന് ചെയ്യാൻ കഴിയാതിരുന്ന കൃഷിയാണ് നശിച്ചിട്ടുള്ളത്. പൈറിക്കുലാറിയ രോഗം നെല്ല്, ഗോതമ്പ് തുടങ്ങിയ മറ്റ് പല വിളകളേയും ബാധിക്കാറുണ്ടെങ്കിലും ഇഞ്ചിക്കൃഷിയെ വ്യാപകമായി പിടികൂടുന്നത് ആദ്യമായാണ്.
കാലാവസ്ഥയും പൈറിക്കുലാറിയ രോഗവ്യാപനത്തിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. തുടർച്ചയായ മഴയും ഇടക്കിടെയുള്ള വെയിലും ഫംഗസ് പെരുകാൻ കാരണമായിട്ടുണ്ടാകാം.
പ്രിയമോൾ തോമസ്
അസിസ്റ്റന്റ് ഡയറക്ടർ
കൃഷിവകുപ്പ്
കോതമംഗലം
ഇഞ്ചിക്കൃഷിയിൽ നിന്ന് കർഷകർ വിട്ടുനിന്ന കാലത്തിനുശേഷം സമീപകാലത്ത് കൃഷി തിരിച്ചുവരുന്ന സാഹചര്യം ഉണ്ടായിരുന്നു. ഈ വർഷം കൃഷിയിൽ ഗണ്യമായ വർദ്ധനവുമുണ്ടായി. മുമ്പ് വീട്ടാവശ്യത്തിന് മാത്രം കൃഷി ചെയ്തിരുന്നവർ അളവ് വർദ്ധിപ്പിക്കുകയും ചെയ്തു. ഇപ്പോഴുണ്ടായിട്ടുള്ള രോഗബാധ കൃഷിയെ വീണ്ടും പിന്നോട്ടടിക്കുമെന്ന ആശങ്കയുണ്ട്.
രോഗം വരാതിരിക്കാൻ
വിത്ത് ഇഞ്ചി കുമിൾനാശിനി ഉപയോഗിച്ച് പരിപാലനം ചെയ്യുക, ഇതിനായി ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് ഗ്രാം സാഫ് ചേർത്തുള്ള ലായനി ഉപയോഗിക്കാം.
ഇഞ്ചി നടുമ്പോൾ നീർവാർച്ച ഉറപ്പാക്കുക
ഇഞ്ചി നടുമ്പോൾ ട്രൈക്കോഡർമ ചേർത്ത സമ്പുഷ്ടീകരിച്ച ചാണകപ്പൊടി ഉപയോഗിക്കുക
ഇഞ്ചി നട്ട് നാല് മാസം കഴിയുമ്പോൾ കുമിൾ നാശിനി പ്രയോഗിക്കുക.
രോഗലക്ഷണം കണ്ടാലുടൻ രോഗബാധയുള്ള ഭാഗം നീക്കം ചെയ്തശേഷം കുമിൾ നാശിനി പ്രയോഗിക്കുക
പ്രതിവിധി കുമിൾ നാശിനി സ്‌പ്രേ ചെയ്യുക
പ്രോപ്പിക്കോണസോൾ 1 എം.എൽ / ലിറ്റർ
ടെബുകോണസോൾ 1.5 എം.എൽ / ലിറ്റർ
കാർബൻഡാസിം 2 ഗ്രാം / ലിറ്റർ
സാഫ് 2 ഗ്രാം / ലിറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |