തിരുവനന്തപുരം: ഓണം കെങ്കേമമാക്കാൻ തലസ്ഥാനം ഒരുങ്ങുന്നു. വാരാഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ വൈദ്യുതാലങ്കാരം ഇക്കുറി രാത്രി ഒന്നുവരെ ജനങ്ങൾക്ക് ആസ്വദിക്കാം. പൊലീസിന് ഇതുസംബന്ധിച്ച നിർദ്ദേശം നൽകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഓണാഘോഷം വ്യത്യസ്തമായ പരിപാടികളാടെ സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുന്ന ഓണാഘോഷം ഒരു പൊതു തീം അടിസ്ഥാനമാക്കിയാകും നടത്തുക. ഘോഷയാത്രയും പൊതു തീം അടിസ്ഥാനമാക്കിയാവുമെന്ന് മന്ത്രി പറഞ്ഞു. വേദികളിലെ സൗകര്യങ്ങൾക്ക് അനുസരിച്ച് പരിപാടികൾ ഇടകലർത്തി സംഘടിപ്പിക്കുന്നതും ആലോചനയിലുണ്ട്. വിദേശികളെത്തുന്നുണ്ടെങ്കിൽ അവർക്കും പ്രത്യേക പവലിയൻ ആകർഷകമായ രീതിയിലൊരുക്കും.
മാദ്ധ്യമങ്ങൾ,വ്ളോഗർമാർ എന്നിവർക്കും പ്രത്യേക സൗകര്യമുണ്ടാകും. മാലിന്യ നിർമ്മാർജനം ഉൾപ്പെടെ ഗ്രീൻപ്രോട്ടോക്കോൾ ഉറപ്പാക്കുമെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. എം.എൽ.എമാർ,ജനപ്രതിനിധികൾ,ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വിപുലമായ ഒരുക്കങ്ങൾ
പ്രത്യേക മീഡിയ സെൽ നേരത്തെ തുടങ്ങും.
കേരളീയം പരിപാടിക്ക് സമാനമായി ഫുഡ്ഫെസ്റ്റിവൽ.
ഫുഡ് സ്റ്റാളുകളും ആകർഷകമായി സജ്ജീകരിക്കും.
വിപണന മേളകളും നടത്തും
പഴുതടച്ച സുരക്ഷയൊരുക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |