കോവളം: തിരുവല്ലം ടോൾ പ്ലാസയ്ക്ക് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ സ്‌കൂട്ടറിൽ കാറിടിച്ച് യാത്രികരായ വൃദ്ധനും ഭാര്യയ്ക്കും ഗുരുതര പരിക്കേറ്റു. വെള്ളായണി കാർഷിക കോളേജ് സ്വദേശി ശശി(68),ഭാര്യ ജയകുമാരി(68) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി 8.40 ഓടെ ദേശീയപാതയിലെ ടോൾ കഴിഞ്ഞുള്ള ചുടുകാട് ഭദ്രകാളി ദേവീക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. കോവളം ഭാഗത്തുനിന്ന് വരികയായിരുന്ന കാറിടിച്ചാണ് ഇവർക്ക് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടറോടിച്ചിരുന്ന ശശി റോഡിലേക്ക് വീണ് വലതുകാലിലെ കാൽക്കുഴയിലെ എല്ലുപൊട്ടി,തലയ്ക്കും പരിക്കേറ്റു.സ്‌കൂട്ടറിന്റെ പിന്നിലിരുന്ന ജയകുമാരിക് തലയ്ക്കും മുതുകിനും ഗുരുതര പരിക്കേറ്റു.സംഭവത്തെ തുടർന്ന് തിരുവല്ലം പൊലീസും സ്ഥലത്തെത്തി.തുടർന്ന് ദേശീയപാതയുടെ ആംബുലൻസ് വിളിച്ചുവരുത്തി ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |