വെഞ്ഞാറമൂട്: സിവിൽ സപ്ലൈസിന്റെ വെഞ്ഞാറമൂട് മാർക്കറ്റിന് സപീമുള്ള ഗോഡൗണിൽ നിന്ന് 45 ചാക്ക് അരികടത്താനുള്ള ശ്രമം ചുമട്ട് തൊഴിലാളികളുടെ ഇടപെടലിൽ പരാജയപ്പെട്ടു.
ബുധനാഴ്ച രാവിലെ ഗോഡൗണിൽ ഒരു ലോഡ് അരി വന്നിരുന്നു. അത് ഇറക്കിയ ശേഷം സപ്ലൈകോയുടെ തന്നെ വെഞ്ഞാറമൂട് ജംഗ്ഷനിലുള്ള ഗോഡൗണിലേക്ക് തൊഴിലാളികൾ പോയി. 10.30ഓടെ മടങ്ങിയെത്തുമ്പോൾ ഗോഡൗണിൻ നിന്ന് ഒരു പിക്കപ്പ് വാനിൽ അരിയും കയറ്റി പുറത്തിറങ്ങി വരുന്നതാണ് തൊഴിലാളികൾ കണ്ടത്. ബുധനാഴ്ച റേഷൻ കടകളിലേക്കുള്ള അരി വിതരണം ഇല്ലെന്ന് തൊഴിലാളികൾക്ക് അറിയാമായിരുന്നതിനാൽ സംശയം തോന്നി അവർ വാഹനം തടയുകയും വിവരം പൊലീസിൽ അറിയിക്കുകയും ചെയ്തു.
വെഞ്ഞാറമൂട് പൊലീസ് എസ്.എച്ച്.ഒ ആസാദ് അബ്ദുൽ കലാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി സപ്ലൈകോ അധികൃതരെ വിവരമറിയിക്കുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിൽ താലൂക്ക് സപ്ലൈ ഓഫീസർ സീമ, നെടുമങ്ങാട് ജൂനിയർ മാനേജർ ടി.എ. അനിത കുമാരി, റേഷനിംഗ് ഓഫീസർമാരായ ബിന്ദു, ദീപ്തി എന്നിവരടങ്ങിയ സംഘം ഉടൻതന്നെ സ്ഥലത്തെത്തി. തുടർന്ന് നടന്ന പരിശോധനയിലാണ് കുത്തരി, പച്ചരി, പുഴുക്കലരി എന്നിവയടങ്ങുന്ന 45 ചാക്ക് അരി വാഹനത്തിലുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ഇവർ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ പൊലീസ് കേസെടുക്കുകയും അരിയുൾപ്പടെ വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
നടപടി സ്വീകരിക്കും: മന്ത്രി ജിആർ.അനിൽ
സപ്ലൈകോ ഉദ്യഗോസ്ഥരുടെ പരാതിയിൽ അരിയും വാഹനനവും കസ്റ്റഡിയിലെടുത്ത സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |