തിരുവനന്തപുരം: വയോജനങ്ങളെ സംരക്ഷിക്കുന്ന പാലിയം ഇന്ത്യയെ സഹായിക്കാൻ 60 കഴിഞ്ഞ സ്ത്രീകൾ ഇറങ്ങിയത് ബിരിയാണി ചലഞ്ചുമായി.
പാലിയം ഇന്ത്യയുടെ സംരക്ഷണത്തിൽ കഴിയുന്ന അശരണരായ വയോധികർക്ക് വീൽ ചെയർ, ഡയപ്പറുകൾ,മരുന്ന്,വസ്ത്രങ്ങൾ എന്നിവയെത്തിക്കുന്നതിനായി അമിഗോസ് എന്ന പേരിലുള്ള സ്ത്രീകളുടെ കൂട്ടായ്‌മയാണ് ബിരിയാണി ചലഞ്ച് നടത്തിയത്. 250ലധികം ആളുകൾ ചലഞ്ചിൽ പങ്കെടുത്തെന്ന് കൂട്ടായ്‌മയിലുള്ളവർ പറഞ്ഞു.
ചെറിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനായി 60വയസും അതിനോടടുത്ത പ്രായമുള്ള 12 പേരും കൂടി തുടങ്ങിയതാണ് അമിഗോസ്. അച്ചാറുകൾ,ജ്യൂസുകൾ,സ്ക്വാഷുകൾ എന്നിവ തയ്യാറാക്കി തുടങ്ങിയ പ്രവർത്തനം പിന്നീട് ബിരിയാണി ചലഞ്ച് പോലുള്ള വലിയ പ്രവർത്തനങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
കൊവിഡ് കാലം ഒഴിച്ചാൽ പാലിയേറ്റീവ് കെയർ,മാജിക് വേൾഡ്,പാലിയം ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് ധനസഹായവും മറ്ര് സാധനങ്ങളും നൽകുന്നതിനുമായി ഭക്ഷ്യമേളകൾ,വിവിധ ഭക്ഷണം തയ്യാറാക്കി വിൽക്കുന്ന ചലഞ്ചുകൾ എന്നിവ ഓണം,ക്രിസ്‌മസ്, റംസാൻ എന്നിവയുടെ ഭാഗമായി നടത്താറുണ്ടെന്ന് കൂട്ടായ്മ പ്രവർത്തകരായ ഗിരിജ നായർ,ജയതി ജയകൃഷ്ണൻ,എലിസബത്ത് അലക്സാണ്ടർ,നയന മോഹൻദാസ് തുടങ്ങിയവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |