തിരുവനന്തപുരം: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് നഗരത്തിൽ കുട്ടികൾ കൃഷ്ണവേഷത്തിൽ നിറയുന്ന മഹാശോഭായാത്ര ഇന്ന് നടക്കും. ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട വിവിധ വേഷങ്ങളിൽ പലപ്രായത്തിലുള്ള കുട്ടികൾ നിരന്ന് നീങ്ങുന്ന കൗതുകക്കാഴ്ചയാണിത്. വൈകിട്ട് 4ന് എട്ട് കേന്ദ്രങ്ങളിൽ നിന്നാണ് ശോഭായാത്രകൾ തുടങ്ങുക. ഇതെല്ലാം പാളയത്ത് മഹാഗണപതി ക്ഷേത്രത്തിന് മുന്നിൽ സംഗമിക്കും. തുടർന്ന് മഹാശോഭായാത്രയായി സ്റ്റാച്യു,സെക്രട്ടേറിയറ്റ്,ഒാവർബ്രിഡ്ജ് വഴി കിഴക്കേകോട്ടയിലെ പഴവങ്ങാടി ക്ഷേത്രത്തിന് മുന്നിലെ പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും. തുടർന്ന് അവിടെ മഹാആരതി സമ്മേളനം നടക്കും. കോർപ്പറേഷൻ ഒാഫീസ്,മസ്കറ്റ് ഹോട്ടൽ ജംഗ്ഷൻ,നന്ദാവനം റോഡ്,റിസർവ് ബാങ്ക് ജംഗ്ഷൻ,ജൂബിലി ആശുപത്രി ജംഗ്ഷൻ,എം.എൽ.എ.ഹോസ്റ്റൽ,യൂണിവേഴ്സിറ്റി ആസ്ഥാനത്തിന് മുന്നിലെ റോഡ് എന്നിവിടങ്ങളിൽ നിന്നാണ് ശോഭായാത്രകൾ തുടങ്ങുക.
കുട്ടികളുടെ സംഘടനയായ ബാലഗോകുലത്തിന്റെ അൻപതാമത് ശ്രീകൃഷ്ണജയന്തി ആഘോഷമാണിത്.'ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാകട്ടെ' എന്ന സന്ദേശമാണ് ഇത്തവണ ശ്രീകൃഷ്ണജയന്തി ആഘോഷത്തിലൂടെ പ്രചരിപ്പിക്കുന്നത്. പുണ്യപുരാതന കഥാപാത്രങ്ങളെ അനുസ്മരിക്കുന്ന നിശ്ചല ദൃശ്യങ്ങൾ, ഭജനസംഘങ്ങൾ,കേരളീയ വേഷധാരികളായ മുത്തുക്കുടയേന്തിയ അമ്മമാർ എന്നിവർ ശോഭായാത്രയ്ക്ക് നിറപ്പകിട്ടേകും.
മഹാശോഭായാത്ര അശ്വതിതിരുനാൾ ഗൗരി ലക്ഷ്മിഭായി ഉദ്ഘാടനം ചെയ്യും.ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ആർ.പ്രസന്നകുമാർ ശ്രീകൃഷ്ണജയന്തി സന്ദേശം നൽകും.ശോഭായാത്ര സമാപനസ്ഥലത്ത് ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് ഒരുക്കിയ അവൽപ്പൊതിയും ഉണ്ണിയപ്പവും കുട്ടികൾക്ക് പ്രസാദമായി നൽകും. ശോഭായാത്രക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സ്വാഗതസംഘം ജനറൽ കൺവീനർ കെ.വി.രാധാകൃഷ്ണൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |