
നെടുമങ്ങാട്: അടിമുടി മാറാൻ തയ്യാറെടുക്കുമ്പോഴും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയയും എക്സ്റേയും കേട്ടുകേൾവിയാകുന്നു. ഓപ്പറേഷൻ തിയേറ്ററുകൾ അടച്ചിട്ട് മാസങ്ങളായി. നിത്യേന നിരവധി രോഗികളാണ് ഇവിടെയെത്തി ചികിത്സ കിട്ടാതെ മടങ്ങുന്നത്. ജനറൽ സർജറി മുടങ്ങിയിട്ട് രണ്ടു മാസമായി. മെഷീൻ തകരാറിനെ തുടർന്ന് എക്സ്റേ വിഭാഗവും അടഞ്ഞു കിടപ്പാണ്. വാർഡുകളുടെ അപര്യാപ്തത പരിഹരിക്കാൻ 90 കോടി മുടക്കി ആറുനില മന്ദിരമുൾപ്പെടെയുള്ള പശ്ചാത്തല വികസനവുമായി മുന്നോട്ടുപോകുമ്പോഴാണിത്. ജനറൽ മെഡിസിൻ വിഭാഗവും കാര്യമായി പ്രവർത്തിക്കുന്നില്ലെന്ന് പരാതിയുണ്ട്.
ജനറൽ മെഡിസിൻ, ഓർത്തോ, സർജറി തുടങ്ങിയ വിഭാഗങ്ങളിലെത്തുന്ന രോഗികളെ അഡ്മിറ്റ് ചെയ്യാൻ വാർഡ് സൗകര്യമില്ല. പത്തിൽ താഴെ പേരെ കിടത്താനുള്ള വാർഡ് സൗകര്യമേ ഇപ്പോഴുള്ളൂ. സി.ടി സ്കാൻ,അൾട്രാ സൗണ്ട് സ്കാൻ മുതലായവയും ഇല്ല. മുൻ കാലങ്ങളിൽ മുട്ടുമാറ്റ ശസ്ത്രക്രിയ, താക്കോൽ സുഷിര ശസ്ത്രക്രിയ അടക്കം എല്ലാവിധ ഓപ്പറേഷനുകളും നടന്നിരുന്നു. മാസംതോറും 150 ഓളം പ്രസവമാണ് ഇവിടെ നടന്നിരുന്നത്. ഇപ്പോൾ,ചികിത്സ തേടിവരുന്നവരിൽ നല്ലൊരു വിഭാഗത്തെ എസ്.യു.ടി, മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലേക്ക് റഫർ ചെയ്യുകയാണ്.
നോക്കുകുത്തിയായി
ഓട്ടോ ക്ലൈവ് മെഷീൻ
ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കാനുള്ള ഓട്ടോ ക്ലൈവ് മെഷീൻ നോക്കുകുത്തിയായിട്ട് വർഷങ്ങളായി. ആരോഗ്യവകുപ്പിൽ നിന്ന് ഈ ഉപകരണം ലഭിച്ചിട്ട് നാലു വർഷമായെങ്കിലും പ്രവർത്തിപ്പിക്കാനായിട്ടില്ല. ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്.
തകിടംമറിഞ്ഞ്
ആധുനിക സൗകര്യങ്ങൾ
1920ൽ രാജഭരണകാലത്ത് ഡിസ്ട്രിക്ട് ഹോസ്പിറ്റലായാണ് നെടുമങ്ങാട് സർക്കാരാശുപത്രി ആരംഭിച്ചത്. നഗരസഭ രൂപീകൃതമായതോടെ താലൂക്കാശുപത്രിയാക്കി. 2013ൽ ജില്ലാ ആശുപത്രി പദവി തിരികെക്കിട്ടി. 30സ്ഥിരം ഡോക്ടർമാരും 5എൻ.എച്ച്.എം ഡോക്ടർമാരും ഉൾപ്പെടെ 300ഓളം ജീവനക്കാരുണ്ട്. നേരത്തെ 225കിടക്കകൾ ഉണ്ടായിരുന്നു.1500 മുതൽ 2000 വരെ രോഗികൾ ദിവസേന എത്തും.15,500ലേറെ ഡയാലിസിസുകൾ നടത്തിയിട്ടുണ്ട്. ജനറൽ മെഡിസിൻ, ഗൈനക്കോളജി, ശിശുരോഗ വിഭാഗം, ഓർത്തോ, ഒഫ്താൽമോളജി, ഇ.എൻ.ടി, സർജറി, റെസ്പിറേറ്ററി മെഡിസിൻ, അനസ്തേഷ്യ,ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ,ഡെർമറ്റോളജി,ദന്തരോഗ വിഭാഗം, കാഷ്വാലിറ്റി എന്നീ വിഭാഗങ്ങളാണുള്ളത്. 11കിടക്കകളോടുകൂടി ഡയാലിസിസ് യൂണിറ്റ്,ഫിസിയോതെറാപ്പി യൂണിറ്റ്,ന്യൂബോൺകെയർ യൂണിറ്റ്,പ്രൈമറി ആൻഡ് സെക്കൻഡറി പാലിയേറ്റീവ് കെയർ യൂണിറ്റ്, ജീവിതശൈലിരോഗ ക്ളിനിക്,ഫൈലേറിയ ക്ളിനിക്,ആന്റിനേറ്റൽ ക്ളിനിക് എന്നിവയും പ്രവർത്തിക്കുന്നുണ്ടെങ്കിലും കാര്യക്ഷമമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |