ഇരുമ്പ് വേലി സുരക്ഷാകവചമാകും
ബാലരാമപുരം: അപകടം പതിയിരിക്കുന്ന ചാനൽപ്പാലം-റസൽപുരം റോഡിൽ ഇരുമ്പ് വേലി നിർമ്മിക്കുന്നതോടെ അപകടസാദ്ധ്യത വഴിമാറുമെന്ന് എൻ.എച്ച് വിഭാഗം അധികൃതർ. കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട് മിനിലോറി കനാലിൽ പതിച്ചതോടെ ഇരുമ്പ് വേലി അടിയന്തരമായി നിർമ്മിക്കണമെന്ന ആവശ്യം ശക്തമാവുകയായിരുന്നു. വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്താണ് ലോറിയും ഡ്രൈവറുമുൾപ്പെടെ കനാലിലേക്ക് പതിച്ചത്. നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് റസൽപുരം സ്വദേശി ഷാജി പരിക്കുകളോടെ രക്ഷപ്പെട്ടു.
റസൽപുരം ജംഗ്ഷനിലെ
പുനരുദ്ധാരണം ഇഴഞ്ഞിഴഞ്ഞ്
നേരത്തെ കാട്ടാക്കട നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് നടത്തുന്ന 117.34കോടി രൂപയുടെ റോഡ് നിർമ്മാണത്തിൽ ചാനൽപ്പാലം-റസൽപുരം റോഡിന്റെ ഒരുഭാഗം കോവളം നിയോജക മണ്ഡലമായതിനാൽ പദ്ധതിയിൽ നിന്നും ആദ്യം ഒഴിവാക്കപ്പെട്ടിരുന്നു. നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് ഐ.ബി.സതീഷ് എം.എൽ.എയുടെ ഇടപടെലിനെ തുടർന്ന് മുക്കമ്പാലമൂട് -എരുത്താവൂർ-ചാനൽപ്പാലം-റസൽപുരം റോഡിന്റെ പുനരുദ്ധാരണം കൂടി ഉൾപ്പെടുത്തുകയായിരുന്നു. റോഡിന്റെ ആദ്യഘട്ട ടാറിംഗ് ഡിസംബറിൽ പൂർത്തീകരിച്ചിരുന്നു. പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായി റസൽപുരം ജംഗ്ഷൻ മുതൽ ഇരുന്നൂറ് മീറ്ററോളം റോഡ് വെട്ടിപ്പൊളിച്ചതോടെ റോഡ് പൂർവ്വസ്ഥിതിയിലേക്ക് വഴിമാറി. റസൽപുരം ജംഗ്ഷൻ മുതൽ റീടാർ ചെയ്യണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. എൻ.എച്ച് വിഭാഗം നെയ്യാറ്റിൻകര മരാമത്ത് ഡിവിഷന് ചുമതല കൈമാറിയതോടെ റസൽപുരം ജംഗ്ഷനിലെ പുനരുദ്ധാരണം ഇഴഞ്ഞു നീങ്ങുകയാണ്.
ഇരുമ്പുവേലി, കോൺക്രീറ്റിംഗ്
പദ്ധതിയിൽ ഉൾപ്പെടുത്തി
ചാനൽപ്പാലം-റസൽപുരം റോഡിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ടാറിംഗ് മാത്രമാണ് പദ്ധതിയിൽ ഉൾപ്പെട്ടിരുന്നത്. എന്നാൽ റോഡിലെ വെള്ളക്കെട്ടും കനാലിലൂടെ വാഹനങ്ങളുടെ അപകടയാത്രയും നാട്ടുകാർ എൻ.എച്ച് വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.തുടർന്ന് റോഡിനിരുവശവും കോൺക്രീറ്റ് ചെയ്യാനും ചാനൽപ്പാലം ജംഗ്ഷൻ മുതൽ 300 മീറ്ററോളം ഇരുമ്പ് വേലി നിർമ്മിച്ച് സുരക്ഷാകവചമൊരുക്കാനും തീരുമാനമായി. റോഡിനിരുവശവും കോൺക്രീറ്റ് നിർമാണം പൂർത്തിയായാലുടൻ ഇരുമ്പുവേലി തീർക്കുന്ന നിർമ്മാണപ്രവൃത്തികളിലേക്ക് കടക്കുമെന്ന് എൻ.എച്ച് വിഭാഗം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |