കിളിമാനൂർ: നെൽമണികളുടെ കലവറയായിരുന്ന ചിന്ത്രനെല്ലൂരിലെ നെൽപ്പാടങ്ങൾ തരിശിടമാകുന്നു. നഗരൂർ പഞ്ചായത്തിലെ ചിന്ത്രനെല്ലൂർ പാടശേഖരം പഞ്ചായത്തിലെ തന്നെ ഏറ്റവും വിശാലവും നെൽ സമൃദ്ധവുമായിരുന്നു. എന്നാൽ ഇപ്പോൾ ഇതിൽ പകുതിയും
അന്യാധീനമായി. പാഴ് നെൽച്ചെടികൾ വളർന്ന് ഊരനെൽ വിളഞ്ഞതോടെ താഴേഭാഗത്തുള്ള കീഴ്പേരൂർ,വെള്ളല്ലൂർ പാടശേഖര സമിതികളിലെ നെൽക്കൃഷി പ്രതിസന്ധിയിലാകുമോയെന്ന ഭയത്തിലാണ് ഇവിടുത്തെ കർഷകർ. കൃഷി വകുപ്പിൽ നിന്നും മാർഗനിർദ്ദേശങ്ങളൊന്നും ലഭിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ഊര,കൊയ്തു യന്ത്രം ഇറക്കാൻ കഴിയാത്തത്, പന്നി ശല്യം,യഥാസമയം വിത്തും വളവും ലഭിക്കാത്തത് തുടങ്ങി നിരവധി കാരണങ്ങളാൽ കർഷകർ കൃഷി ഉപേക്ഷിക്കാനിടയായി.
മാർഗനിർദ്ദേശം ലഭിക്കുന്നില്ല
നഗരൂർ പഞ്ചായത്തിലെ വെള്ളല്ലൂർ വില്ലേജിൽ ഉൾപ്പെട്ടതാണ് ചിന്ത്രനെല്ലൂർ, കാരോട് പാടശേഖരങ്ങൾ. ഇതിൽ കീഴ്പേരൂർ പാലം ജംഗ്ഷൻ മുതൽ പഞ്ചായത്തിന്റെ അതിർത്തി പ്രദേശമായ മുട്ടയം വരെ വിശാലമായ പാടശേഖരമാണ് ചിന്ത്രനെല്ലൂർ ഏലാ. 25ഏക്കറിലധികം നിലമാണ് നേരത്തെ നെൽക്കൃഷിക്കായി ഇവിടെയുണ്ടായിരുന്നത്. എന്നാൽ കർഷകർക്ക് കൈത്താങ്ങാകാൻ കൃഷിഭവൻ ഉദ്യോഗസ്ഥർക്ക് കഴിയാതെ വന്നതോടെ പലരും നെൽകൃഷിയിൽ നിന്നും പിൻവാങ്ങി.
കർഷകർ ആശങ്കയിൽ
ഇരിപ്പ് കൃഷിയായിരുന്നു കാലങ്ങളായി നടന്നിരുന്നത്. ഒരുവർഷം മുമ്പ് വരെ 18ഏക്കറോളം നിലങ്ങളിൽ നെൽക്കൃഷിയായിരുന്നു. എന്നാൽ ഇക്കുറി പാടശേഖരത്തിന്റെ അങ്ങിങ്ങായി അപൂർവം ചിലർ മാത്രമാണ് കൃഷിയിറക്കിയത്. ഇവയിലും കഴിഞ്ഞ വർഷത്തെ വളർന്നുവന്ന പാഴ് നെൽച്ചെടികളിലും ഊര (പാഴ്നെൽ) പിടിച്ചതോടെ ഇവയിലെ കീടങ്ങൾ വെള്ളത്തിലൂടെ താഴ്ഭാഗത്തുള്ള കീഴ്പേരൂർ തെക്ക്, കിഴക്ക് ഭാഗത്തുള്ള പാടശേഖരങ്ങളിലും വെള്ളല്ലൂർ പാടശേഖരത്തും പടരുമോയെന്ന ആശങ്കയിലാണ് കർഷകർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |