
തിരുവനന്തപുരം: അപ്രതീക്ഷിതമായി പെയ്ത ശക്തമായ മഴയിൽ നഗരം വെള്ളക്കെട്ടിലായി.ഇന്നലെ രാത്രി 9.30ന് ആരംഭിച്ച ശക്തമായ മഴ ഒന്നര മണിക്കൂറോളം നീണ്ടു.മഴയ്ക്ക് മുന്നോടിയായി അരമണിക്കൂർ ചെറിയ കാറ്റുമുണ്ടായിരുന്നു.മഴയാരംഭിച്ച് അല്പം കഴിഞ്ഞാണ് കാറ്റ് ശമിച്ചത്.
തുടക്കത്തിൽ മഴ ശക്തമായിരുന്നു.തുടർന്ന് ശക്തി കുറഞ്ഞ് അവസാനിച്ചു.പേട്ട,ചാക്ക,ഊറ്റുകുഴി ജംഗ്ഷൻ,പ്രസ്‌ക്ലബ് പരിസരം,തമ്പാനൂർ,കിഴക്കേകോട്ട,അട്ടക്കുളങ്ങര,പട്ടം,വഞ്ചിയൂർ,മരപ്പാലം,മെഡിക്കൽ കോളേജ് തുടങ്ങിയ പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. ഓടകൾ അടഞ്ഞിരുന്നതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്.പെട്ടെന്നുള്ള മഴ കാൽനടയാത്രികരെയും ഇരുചക്രവാഹന യാത്രികരെയും വലച്ചു.വഞ്ചിയൂരിൽ കോടതിയുടെ പിറകിലത്തെ ഭാഗത്തെ റോഡിൽ മുട്ടിനൊപ്പം വെള്ളമായിരുന്നു.പ്രസ്‌ക്ളബിന് മുന്നിലും വലിയ വെള്ളക്കെട്ടായിരുന്നു.ചാക്കയിലും വെള്ളക്കെട്ടുണ്ടായി.
തീരദേശത്ത് ഇന്നലെ ഉയർന്ന തിരമാലയായിരുന്നു.ചിലയിടങ്ങളിൽ കുറച്ച് സമയത്തേയ്ക്ക് വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങി.ശക്തമായ മഴ കാരണം ഇന്ന് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിട്ടുണ്ട്.
രണ്ടുദിവസം കൂടി ജില്ലയിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരളത്തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കി.മീറ്റർ വേഗതയിൽ ഇടിമിന്നലോടു കൂടിയ ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |