
കല്ലമ്പലം: കപ്പാംവിള - മുട്ടിയറ - സാമിയാർകുന്ന് റോഡിൽ മുട്ടിയറ അപ്പൂപ്പൻനട ദുർഗ്ഗാദേവി ക്ഷേത്രത്തിന് സമീപത്തെ തോടിന് കുറുകെയുള്ള കാലപ്പഴക്കം ചെന്നതും അപകടാവസ്ഥയിലുള്ളതുമായ പാലം പൊളിച്ചുമാറ്റി വീതിയുള്ള പുതിയ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നാവായിക്കുളം പഞ്ചായത്തിലെ 10,11 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം വീതി കൂട്ടി നിർമ്മിക്കുന്നതോടെ ഇരുവാർഡുകളിലും വികസനം വരികയും ഭാവിയിൽ ഇതുവഴി ബസ് സർവീസ് ഉണ്ടാകുകയും ചെയ്യുമെന്നാണ് നാട്ടുകാർ പറയുന്നത്. റോഡ് വികസനവുമായി ബന്ധപ്പെട്ട് പാലം നിർമ്മിക്കുന്നതിന് ഫണ്ട് അനുവദിച്ചെങ്കിലും റോഡുപണി പൂർത്തിയാകാറായിട്ടും പാലം നിർമ്മാണം എങ്ങുമെത്തിയില്ല. റോഡിന് വീതി കൂടിയതിനാൽ റോഡിന് ആനുപാതികമായി വീതിയുള്ള പാലം നിർമ്മിക്കാനാണ് തുക അനുവദിച്ചത്. എന്നാൽ ചില തത്പരകക്ഷികൾ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് പാലം പണി മുടക്കി.
നടപടി വേഗത്തിലാക്കണം
നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ക്ഷേത്രത്തിൽ വന്നുപോകുന്ന ഭക്തരുടെ എണ്ണത്തിനും കുറവില്ല. പാലം നിർമ്മാണം മുടങ്ങുന്നത് ക്ഷേത്രത്തിന്റെ വികസനത്തെയും ബാധിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ പറയുന്നു. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. നാടിന്റെ വികസനത്തെ ബാധിക്കുന്ന തരത്തിൽ പാലം നിർമ്മാണം മുടക്കിയവരെ ഒറ്റപ്പെടുത്തി ഭൂരിഭാഗമുള്ള നാട്ടുകാരുടെ പിന്തുണയോടെ പുതിയ പാലം നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |