തിരുവനന്തപുരം: പേട്ട-ആനയറ റോഡ് വികസനവുമായി ബന്ധപ്പെട്ട് നിർമ്മിച്ച ആഴമേറിയ ഓടയിലെ മലിനജലം ജനവാസ മേഖലയിലൂടെ ഒഴുക്കാനുള്ള ശ്രമത്തിൽ നിന്ന് പിന്മാറാതെ അധികൃതർ.
നഗരസഭയുടെ നിയന്ത്രണത്തിലുള്ള കുടവൂർ ബാങ്ക് റോഡിലൂടെ ഓട നിർമ്മിച്ച് സമീപത്തെ വെള്ളക്കെട്ട് രൂക്ഷമുള്ള പ്രദേശത്തേക്ക് ഒഴുക്കാനുള്ള ശ്രമം പരാതികളെ തുടർന്ന് നേരത്തെ നിറുത്തിവച്ചെങ്കിലും വീണ്ടും പുനരാരംഭിക്കാനാണ് നീക്കം. കുടവൂർ റസിഡന്റ്സ് അസോസിയേഷനിലെ സുഗതൻ റോഡ്,ബാങ്ക് റോഡ്,കാവ് റോഡ് എന്നിവയുമായി ബന്ധപ്പെട്ട് കിടക്കുന്ന കമ്പിക്കകം ഭാഗം വർഷങ്ങളായി വെള്ളക്കെട്ട് ഭീക്ഷണിയെ നേരിടുന്ന പ്രദേശങ്ങളാണ്. കേരള റോഡ് ഫണ്ട് ബോർഡ് ( കെ.ആർ.എഫ്.ബി ) അതോറിട്ടിയുടെ നേതൃത്വത്തിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് റോഡിന്റെയും ഓടയുടെയും നിർമ്മാണം.
ഇപ്പോൾ നിർമ്മിക്കാൻ തീരുമാനിക്കുന്ന ഓടയിലൂടെ ഒഴുക്കി വിടുന്ന മലിനജലം ഈ പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യത്തിനും ഭീഷണിയാണ്. ഈ പ്രശ്‌നം ചൂണ്ടിക്കാണിച്ച് കടവൂർ റസിഡന്റ്സ് അസോസിയേഷൻ മുമ്പ് പരാതി നൽകിയപ്പോൾ ബാങ്ക് റോഡിലൂടെ ഓട നിർമ്മിക്കുമെന്നും ആമയിഴഞ്ചാൻ തോട്ടിലേക്ക് മലിനജലം ഒഴുക്കുമെന്നും കെ.ആർ.എഫ്.ബി വ്യക്തമാക്കിയിരുന്നു.
പ്രശ്‌നം ചൂണ്ടിക്കാട്ടി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയ്ക്ക് അസോസിയേഷൻ വീണ്ടും പരാതി നൽകിയിട്ടുണ്ട്. പേട്ട-ആനയറ റോഡിൽ നിന്നും താഴ്ന്ന നിരപ്പിലൊഴുകുന്ന ആമയിഴഞ്ചാൽ തോട്ടിലേക്ക് ഓട മാറ്രി നിർമ്മിക്കണമെന്നും അസോസിയേഷൻ പ്രസിഡന്റ് എസ്.സുരേഷ് കുമാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |