
പൂവാർ: മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പൂവാർ കരുംകുളം, കോട്ടുകാൽ പഞ്ചായത്തുകളിലെ തീരപ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു.മഴക്കാലത്ത് പോലും കുടിവെള്ളത്തിനായി നെട്ടോട്ടമോടണം. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ പബ്ലിക് ടാപ്പിൽ വെള്ളമെത്തുമെങ്കിലും അതുമിപ്പോൾ മുടങ്ങുന്നത് പതിവാണ്.വീട്ടിലെ പാത്രങ്ങളിൽ ശേഖരിച്ചുവച്ച വെള്ളം ഒരാഴ്ചക്കാലം ഉപയോഗിക്കുന്നതാണ് പതിവ്. പൈപ്പ് പൊട്ടൽ വ്യാപകമായതും, പ്ലാന്റിൽ പമ്പിംഗ് നടക്കാത്തതുമാണ് കുടിവെള്ളക്ഷാമം രൂക്ഷമാകാൻ കാരണമായി അധികൃതർ പറയുന്നത്.
കരുംകുളം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കരിച്ചൽ പമ്പ് ഹൗസിൽ നിന്നാണ് കരുംകുളം പൂവാർ ഗ്രാമപഞ്ചാത്തുകളിലെ തീരമേഖലയിൽ പ്രധാനമായും കുടിവെള്ളമെത്തുന്നത്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ മാത്രമെത്തുന്ന കരിച്ചലിലെ വെള്ളം പലപ്പോഴും ചെളിവെള്ളമാണെന്നും ആക്ഷേപമുണ്ട്. ഇവിടെയാകട്ടെ ഒരുപമ്പ് മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. നിർജ്ജീവമായ 6 മോട്ടോറുകളുള്ളത് മെയിന്റനൻസ് ചെയ്ത് പ്രവർത്തിപ്പിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കണം
അമീബിക്ക് മസ്തിഷ്കജ്വരം പോലുള്ള രോഗങ്ങൾ പടർന്നുപിടിക്കുന്ന ഇക്കാലത്ത് തീരമേഖലയ്ക്കാകമാനം ശുദ്ധജലം ഉറപ്പുവരുത്താൻ കരിച്ചലിൽ ആധുനിക സജ്ജീകരണങ്ങളോടെ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പ്ലാന്റുള്ളയിടത്ത് വെള്ളമില്ല
തീരദേശവാസികളുടെ ശുദ്ധജലക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 15.92 കോടി മുടക്കി തിരുപുറത്ത് കുമിളി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചത്. പ്ലാന്റ് പ്രവർത്തനം ആരംഭിച്ചതോടെ തീരദേശവാസികൾക്ക് ആശ്വാസമായെങ്കിലും കുമിളിയിൽ നിന്നുള്ള വെള്ളം കരുംകുളം പൂവാർ മേഖലകളിലെ ഉയർന്ന പ്രദേശങ്ങളിൽ മാത്രമാണെത്തുന്നത്. തീരദേശവാസികൾ തിങ്ങിപ്പാർക്കുന്ന കടലോരത്ത് വെള്ളമെത്തിക്കാൻ അധികൃതർക്കായിട്ടില്ല. കുമിളിയിലെ വെള്ളം പരണിയത്തെയും പൂവാറിലെയും ടാങ്കുകളിൽ എത്തിക്കാൻ നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു. വെള്ളം പമ്പിംഗ് തുടങ്ങിയപ്പോൾത്തന്നെ അവിടവിടെയായി പൈപ്പുകൾ പൊട്ടാൻ തുടങ്ങിയതാണ് ദൗത്യം ഉപേക്ഷിക്കാൻ കാരണം.
ലക്ഷ്യംകാണാത്ത പദ്ധതികളും
തീരപ്രദേശത്തെ ലക്ഷ്യമാക്കി തുടങ്ങിയ കാവുംകുളം കുടിവെള്ള പദ്ധതി കരുംകുളം പഞ്ചായത്തിന്റെ 6 വാർഡുകൾക്ക് കുടിവെള്ളം എത്തിക്കുകയായിരുന്നു ലക്ഷ്യം. കൊച്ചുതുറ,പയന്തി തുടങ്ങിയ ചെറുകിട പദ്ധതികളും ലക്ഷ്യം സാധൂകരിച്ചില്ല. കരിച്ചൽ കായലിന്റെ ജലസമൃദ്ധിയെ ഉപയോഗപ്പെടുത്തി ഒരു വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചും, കാവുംകുളം കുടിവെള്ള പദ്ധതി പ്രാവർത്തികമാക്കിയും കൊച്ചുതുറ, പയന്തി പമ്പ് ഹൗസുകൾ കാര്യക്ഷമമാക്കുകയും ചെയ്താലേ തീരപ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ കഴിയൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |