
നെയ്യാറ്റിൻകര: നഗരസഭയിലെ മലഞ്ചാണിമലയിൽ ഉയർന്നുവരുന്ന ‘ശാന്തിയിടം’ പൊതുശ്മശാനത്തിൽ ഒരേസമയം രണ്ട് മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സൗകര്യമൊരുങ്ങുന്നു. 5000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന വാതക ശ്മശാന കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി.
2024 ഡിസംബർ 11ന് പ്ലാവിള വാർഡിലെ മലഞ്ചാണിമലയിൽ, നഗരസഭയുടെ ഒരേക്കറിലേറെ വരുന്ന സ്ഥലത്താണ് വാതകശ്മശാനത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 99 ലക്ഷം രൂപയാണ് ആദ്യം ഇതിനായി മാറ്റിവച്ചതെങ്കിലും തുക മതിയാകാതെ വന്നതോടെ പുതിയ ബഡ്ജറ്റിൽ 85 ലക്ഷം രൂപ കൂടി അധികമായി അനുവദിക്കുകയായിരുന്നു.
ശ്മശാനത്തിനാവശ്യമായ വെള്ളത്തിനായി കുഴൽക്കിണർ നിർമ്മിച്ചു.മലഞ്ചാണി പ്രദേശത്തെ നാട്ടുകാർക്കായി ടാങ്ക് സ്ഥാപിച്ച് കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചതായി നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ അറിയിച്ചു.
ശാസ്ത്രീയമായ രൂപകല്പന
മലഞ്ചാണിമലയുടെ ഭൂമിശാസ്ത്രം കണക്കിലെടുത്ത് മണ്ണിടിച്ചിൽ ഒഴിവാക്കിക്കൊണ്ടുള്ള രീതിയിൽ മലയെ മൂന്ന് തട്ടുകളായി വിഭജിച്ചാണ് നിർമ്മാണം നടത്തിയത്. മുകളിലെ തട്ടിൽ ശ്മശാനത്തിന്റെ പ്രധാന കെട്ടിടവും രണ്ടും മൂന്നും തട്ടുകളിൽ പാർക്കിംഗ്, പൂന്തോട്ടം, ഇരിപ്പിടങ്ങൾ എന്നിങ്ങനെയാണ് രൂപകല്പന ചെയ്തിട്ടുള്ളത്. കെട്ടിടത്തിന് നാലുകെട്ടിന്റെ രൂപത്തിലുള്ള മേൽക്കൂരയാണ് നിർമ്മിച്ചത്.
സൗകര്യങ്ങൾ ഒരുക്കി
നഗരസഭയുടെ അഭിമാനപദ്ധതിയായ ‘ശാന്തി ഇടത്തിലെ' കെട്ടിടനിർമാണം, വൈദ്യുതീകരണം, പ്ലംബിംഗ് എന്നിവ പൂർത്തിയായി. ഒരേസമയം രണ്ട് മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള പ്രത്യേക ഹാൾ ഒരുക്കിയിട്ടുണ്ട്. വാതകം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചിന്തകൾ സ്ഥാപിക്കാൻ 56 ലക്ഷം രൂപ ചെലവഴിച്ചു. ചെന്നൈയിൽ നിന്നുള്ള യന്ത്രങ്ങളും വാതകപ്ലാന്റും സ്ഥാപിച്ചു. ചുറ്റുമതിലിന്റെയും പൂന്തോട്ടത്തിന്റെയും നിർമ്മാണം പുരോഗമിക്കുകയാണ്.
പാർക്കും വ്യൂ പോയിന്റും
ശാന്തിയിടത്തിലേക്കുള്ള പ്രവേശനഭാഗത്ത് പൂന്തോട്ടവും പാർക്കും ചെറുകൂട്ടായ്മകൾക്ക് ഒത്തുകൂടാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. മലഞ്ചാണിമലയുടെ ഒരു ഭാഗത്ത് നിന്ന് നെയ്യാറ്റിൻകര നഗരത്തിന്റെ മനോഹരമായ ആകാശക്കാഴ്ച കാണാൻ കഴിയുന്നതിനാൽ അവിടെ വ്യൂ പോയിന്റും സജ്ജമാക്കും. ശ്മശാന കെട്ടിടത്തിന് പിറകിൽ വാഹന പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
നടപ്പാതയും റോഡ് സൗകര്യവും
പാർക്കിനുള്ളിൽ പ്രഭാത-സായാഹ്ന നടത്തത്തിന് അനുയോജ്യമായ നടപ്പാത നിർമ്മിച്ചിട്ടുണ്ട്.
ശ്മശാനത്തിലേക്കുള്ള റോഡ് രണ്ട് ഘട്ടങ്ങളിലായി ടാർ ചെയ്തിട്ടുണ്ട്. ഇതിന് എം.എൽ.എ ഫണ്ടും നഗരസഭാ ഫണ്ടും വിനിയോഗിച്ചു. പെരുമ്പഴുതൂരിൽ നിന്ന് ശ്മശാനത്തിലേക്കെത്താൻ പുതിയ റോഡ് നിർമ്മിക്കാൻ നഗരസഭ നടപടി ആരംഭിച്ചിട്ടുണ്ട്. ഇതിനായി സ്ഥലം ഏറ്റെടുക്കൽ പുരോഗമിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |