വർക്കല: ചെറുന്നിയൂർ പഞ്ചായത്തിലെ വെന്നിക്കോട് ശുദ്ധജലവിതരണപദ്ധതിയുടെ ഭാഗമായി പമ്പ് ഹൗസിന്റെ സമീപത്തെ കുളം നവീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.ശശികല വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. കല്ലുമല കുന്നിൽ കുടിവെള്ളമായി മലിനജലം വിതരണം ചെയ്യുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ പരാതി ഉയർന്നിരുന്നു. കുളത്തിന്റെ അടിത്തട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്തുകൊണ്ട് നിർമ്മാണപ്രവൃത്തികൾ നടന്നുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി കനത്ത മഴ പെയ്തത് കൊണ്ടാണ് കല്ലുമല കുന്ന് ഭാഗത്ത് പൈപ്പിലൂടെ വിതരണം ചെയ്ത ജലത്തിൽ കലക്കലുണ്ടായത്. വാട്ടർ അതോറിട്ടിയും പഞ്ചായത്തും സംയുക്തമായി ജലസംഭരണത്തിനായി 2016ൽ നിർമ്മിച്ച കുളം പഞ്ചായത്ത് ആസ്തിയിൽ ഉൾപ്പെടുത്താത്തത് മൂലമാണ് കുളം നവീകരണം വൈകിയത്. കുളം നവീകരിക്കുവാനും സംരക്ഷിക്കുവാനും 12ലക്ഷം രൂപയുടെ പഞ്ചായത്ത് പദ്ധതി പഞ്ചായത്ത് ആവിഷ്കരിച്ച് നടപ്പാക്കി വരികയാണ്. രണ്ടാം ഘട്ടമായി കുളം സംരക്ഷിക്കുന്നതിനായി ഭിത്തി കെട്ടുന്നതിനും വല സ്ഥാപിക്കുന്നതിനും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 2019ലെ കൊടുംവേനലിൽ പോലും കല്ലുമലക്കുന്ന് പോലുള്ള ഉയർന്ന പ്രദേശത്തിൽ കുടിവെള്ളക്ഷാമം ഉണ്ടാകാതിരുന്നതെന്നും ജലം ശുദ്ധീകരിച്ചശേഷം മാത്രമെ വിതരണം ചെയ്യാൻ പാടുള്ളൂവെന്ന് വാട്ടർഅതോറിട്ടി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |