ചിറയിൻകീഴ്: മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി, മുതലപ്പൊഴിയിൽ ചന്ദ്രഗിരി ഡ്രഡ്ജറിന്റെ തകരാറുകൾ പരിഹരിച്ച് മണൽനീക്കം പുനഃരാരംഭിച്ചു. മാസങ്ങൾക്കു ശേഷമാണ് എല്ലാ തകരാറുകളും പരിഹരിച്ച് കാര്യക്ഷമമായി മണൽനീക്കം ആരംഭിച്ചത്. കടലിൽ ഉറപ്പിച്ചു നിറുത്താൻ സഹായിക്കുന്ന സ്പഡ് പൈപ്പ് ചെന്നൈയിൽ നിന്നെത്തിച്ചതോടെയാണ് മണൽനീക്കം ഉഷാറായത്. മുതലപ്പൊഴി അഴിമുഖത്ത് മണൽനീക്കം കാര്യക്ഷമമാക്കാൻ ഏപ്രിൽ മാസത്തോടെയാണ് ചന്ദ്രഗിരി ഡ്രഡ്ജർ കണ്ണൂർ അഴീക്കൽ നിന്നുമെത്തിച്ചത്. അടിക്കടിയുണ്ടായ കേടുപാടുകളാൽ ഉപയോഗിക്കാനായത് 48 മണിക്കൂർ മാത്രം. ഒരു തകരാർ പരിഹരിക്കുമ്പോൾ അടുത്ത തകരാർ ഉടനെത്തും. തകരാറിലായ യന്ത്രഭാഗങ്ങൾ വിവിധയിടങ്ങളിൽ നിന്ന് എത്തിക്കുന്നതിനും കാലതാമസമുണ്ടായി.
ആഴക്കുറവിന്
താത്കാലിക പരിഹാരം
മുതലപ്പൊഴിയിൽ മാസങ്ങൾക്കു മുമ്പ് പൊഴി മൂടിയത് മണൽനീക്കി പരിഹരിച്ചെങ്കിലും അഴിമുഖത്തെ ആഴക്കുറവ് മത്സ്യബന്ധന വള്ളങ്ങൾക്ക് വലിയ വെല്ലുവിളിയായി. ചെറുതും വലുതുമായി നിരവധി അപകടങ്ങളാണ് ആഴക്കുറവ് കാരണമുണ്ടായത്. മണൽനീക്കം പൂർണതോതിൽ നടക്കുന്നതോടെ ആഴക്കുറവിന് താത്കാലികമായെങ്കിലും പരിഹാരമാവും.
മണൽനീക്കം
താഴമ്പള്ളി ഭാഗത്ത്
ഡ്രഡ്ജ് ചെയ്തെടുക്കുന്ന മണൽ താഴമ്പള്ളി ഭാഗത്തെ ബണ്ടിനുള്ളിലാണ് നിക്ഷേപിക്കുന്നത്. പെരുമാതുറ പാലത്തിനു സമീപം താഴമ്പള്ളി ഭാഗത്ത് പുലിമുട്ടിനോട് ചേർന്നുള്ള ഭാഗത്താണ് ഇപ്പോൾ മണൽനീക്കം നടക്കുന്നത്. ഘട്ടംഘട്ടമായി അഴിമുഖം വരെയുള്ള ഭാഗത്തെ മണൽനീക്കം നടത്തും. മറ്റ് പ്രതിസന്ധികളൊന്നും സംഭവിച്ചില്ലെങ്കിൽ രണ്ടുമാസത്തിനുള്ളിൽ മണൽനീക്കം പൂർണതോതിൽ പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ.
വികസന പ്രവർത്തനങ്ങൾ
പുരോഗമിക്കുന്നു
മുതലപ്പൊഴിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ 177 കോടി രൂപയുടെ സമഗ്ര വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പുലിമുട്ട് നിർമ്മിക്കുന്നതിനായി എട്ട് മുതൽ പത്ത് വരെ ടൺ ഭാരം വരുന്ന 400ലധികം ടെട്രാപോഡുകൾ നിർമ്മിച്ചുകഴിഞ്ഞു. എട്ട് ടണ്ണിന്റെ 3990 എണ്ണവും പത്ത് ടണ്ണിന്റെ 2205 ട്രെട്രാപോഡുകളുമാണ് വേണ്ടത്. കൂടാതെ പുലിമുട്ടുകളുടെ നിർമ്മാണത്തിനാവശ്യമായി വരുന്ന പാറകളുടെ തൂക്കം നിർണയിക്കുന്നതിനുള്ള വേയ് ബ്രിഡ്ജ് നിർമ്മാണവും അന്തിമഘട്ടത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |