യാത്രാദുരിതത്തിൽ വലഞ്ഞ് വിദ്യാർത്ഥികൾ
റദ്ദാക്കിയ സർവീസുകൾ പുനഃസ്ഥാപിക്കാതെ അധികൃതർ
നെടുമങ്ങാട്: ആവശ്യത്തിന് ബസ് സർവീസില്ലാത്തതിനാൽ പനയമുട്ടം - ചേപ്പിലോട് നിവാസികൾ യാത്രാദുരിതത്തിൽ. വിദ്യാർത്ഥികളും ഗ്രാമീണ മേഖലയിൽ നിന്ന് ടൗണിൽ ജോലിക്ക് പോകുന്നവരുമുൾപ്പെടെ സ്ഥിരം യാത്രക്കാരാണ് വലയുന്നത്. രാവിലെയും വൈകിട്ടും തിരക്കുള്ള സമയത്ത് ഓപ്പറേറ്റ് ചെയ്തിരുന്ന രണ്ടു സർവീസുകൾ നിറുത്തിവച്ചിരിക്കുന്നത് യാത്രാദുരിതത്തിന് കാരണമായെന്ന് യാത്രക്കാർ പറയുന്നു. രാവിലെ 7ന് ആദ്യ സർവീസ് വന്നുമടങ്ങിയാൽ പിന്നെ 8.15നാണ് ബസ്.നെടുമങ്ങാടും സിറ്റിയിലും പഠിക്കുന്ന കുട്ടികളും സ്ഥലവാസികളും കൂടുതലായി ആശ്രയിക്കുന്നത് ഈ സർവീസിനെയാണ്. മിക്ക ദിവസങ്ങളിലും ഇത് മുടക്കമായിരിക്കും. സർവീസുള്ള ദിവസങ്ങളിൽ ഓവർലോഡ് കാരണം കയറ്റം കയറാനാകാതെ നിന്ന് പോകാറുമുണ്ട്.8.50ന് സ്‌കൂളിലെത്തേണ്ട വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് എത്താൻ കഴിയാറില്ല.
വൈകിട്ടും കഷ്ടം തന്നെ
വൈകിട്ടുള്ള അവസ്ഥയും ദുരിതപൂർണമാണ്.4.10ന് ചേപ്പിലോട് ബസ് പുറപ്പെട്ടുകഴിഞ്ഞാൽ 5.10നാണ് അടുത്ത സർവീസ്.തിരക്ക് കാരണം വിദ്യാർത്ഥികൾക്ക് ബസിൽ കയറാൻ കഴിയില്ല.മറ്റു സർവീസുകളില്ലാത്തതിനാൽ കുട്ടികളേറെയും ഫുട്‌ബോർഡിൽ നിന്നായിരിക്കും യാത്ര ചെയ്യുന്നത്. നിരവധി അപകടങ്ങൾക്ക് ഇതിടയാക്കിയിട്ടുണ്ട്.
രക്ഷിതാക്കൾ സമരത്തിനിറങ്ങും
ആനാട് എസ്.എൻ.വി.എച്ച്.എസ്.എസിലും നെടുമങ്ങാട്ടെ സമാന്തര വിദ്യാലയങ്ങളിലും ഗവൺമെന്റ് കോളേജിലും ടെക്നിക്കൽ സ്‌കൂളിലും പഠിക്കുന്ന കുട്ടികൾ ബസിൽ ഇടം കിട്ടാതെ കിലോമീറ്ററുകൾ കാൽനടയായി വീടുകളിലെത്തുമ്പോൾ നേരമിരുട്ടും. തിരക്ക് മുൻനിറുത്തി ഇതേസമയത്ത് മുമ്പ് ഓടിച്ചിരുന്ന ബസും നിറുത്തലാക്കിയിട്ട് രണ്ടുവർഷമായി.രാവിലെയും വൈകിട്ടുമുണ്ടായിരുന്ന സർവീസുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നെടുമങ്ങാട് ഡി.ടി.ഒ അടക്കമുള്ളവർക്ക് നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ല. വിദ്യാർത്ഥികളുമായി സമരരംഗത്തിറങ്ങാനാണ് രക്ഷിതാക്കളുടെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |