തിരുവനന്തപുരം: വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിംഗ് റോഡിന് (എൻ.എച്ച് 866) വീണ്ടും ജീവൻ വയ്ക്കുന്നു. നിർദ്ദിഷ്ട അലൈൻമെന്റിൽ മാറ്റം വരുത്താതെയും അതേസമയം പരിസ്ഥിതിക്ക് കോട്ടം തട്ടാതെയും റോഡ് നിർമ്മിക്കാനാകുമെന്നാണ് ദേശീയപാത അതോറിട്ടി നിഗമനത്തിലെത്തിയിരിക്കുന്നത്. ടണലുകൾ നിർമ്മിച്ചുകൊണ്ട് ഔട്ടർറിംഗ് റോഡ‌് നിർമ്മിക്കുന്ന പദ്ധതിയുമായി മുന്നോട്ടു പോകുന്ന കാര്യത്തിൽ കേന്ദ്ര ഉപരിതലഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിലും ധാരണയായിരുന്നു.
സ്ഥലമേറ്റെടുപ്പിലേക്ക് നീങ്ങിയ പദ്ധതിയുടെ അലൈൻമെന്റ് മാറ്റാൻ തീരുമാനിച്ചതോടെയാണ് പാതിവഴിയിലായത്. ഔട്ടർറിംഗ് റോഡിന്റെ അലൈൻമെന്റ് മാറ്റണമെന്ന ആവശ്യവുമായി ദേശീയപാത അതോറിട്ടിയും അത് അപ്രായോഗികമാണെന്ന നിഗമനത്തിലേക്ക് സംസ്ഥാന സർക്കാർ എത്തിയതോടെ നിർദ്ദിഷ്ട ഔട്ടർ റിംഗ് റോഡ് പദ്ധതി തുലാസിലായിരിക്കുകയായിരുന്നു.
മലപ്പുറത്ത് കൂരിയാട് ദേശീയപാത 66 ഇടിഞ്ഞ് തകർന്നതിനുശേഷം, അശാസ്ത്രീയമായി കുന്നിടിച്ചും പാടം നികത്തിയും ദേശീയപാത നിർമ്മിക്കുന്നത് അപകടങ്ങൾക്കിടയാക്കുന്നുവെന്ന വിമർശനമുയർന്നതോടെയാണ് ഔട്ടർ റിംഗ് റോഡിന്റെ അലൈൻമെന്റ് പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ ദേശീയപാത അതോറിട്ടിക്ക് നിർദ്ദേശം നൽകിയത്.
ഔട്ടർ റിംഗ് റോഡ് കടന്നുപോകുന്ന മിക്ക താലൂക്കിലും കുന്നുകൾ കുറുകെ കീറിമുറിച്ച് നിർമ്മാണം വേണ്ടിവരുമെന്ന് ദേശീയപാത അതോറിട്ടി അധികൃതർ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, കുന്നുകൾ ഇടിച്ചുനിരത്തുന്നതിന് പകരം ടണൽ പാതകൾ നിർമ്മിച്ച് റോഡ് നിർമ്മിച്ചാൽ അലൈൻമെന്റിൽ മാറ്റം വരുത്തേണ്ടി വരില്ല. ടണൽ പാതകളുടെ സാദ്ധ്യത പഠിക്കുന്നതിനായി വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. 15ഓളം തുരങ്കങ്ങൾ നിർമ്മിക്കേണ്ടിവരുമന്ന് സമിതി കണ്ടെത്തിയെന്നാണ് സൂചന.
ജില്ലയിലെ 6 താലൂക്കുകളെയും ബന്ധിപ്പിച്ച്, 31 വില്ലേജുകളിലൂടെ കടന്നുപോകുന്നതാണ് വിഴിഞ്ഞം – നാവായിക്കുളം ഗ്രീൻഫീൽഡ് ഔട്ടർ റിംഗ് റോഡ്
വസ്തു ഉടമകൾക്ക് ആശ്വാസം
അലൈൻമെന്റിൽ മാറ്റം വരാത്തത് ഭൂമി വിട്ടുനൽകുന്ന ആയിരക്കണക്കിന് ഉടമകൾക്ക് വലിയ ആശ്വാസമാകും
പുല്ലമ്പാറ, മാണിക്കൽ, പള്ളിച്ചൽ പഞ്ചായത്തുകളിലെ പരിസ്ഥിതി പ്രശ്നങ്ങൾക്കും ഇതോടെ പരിഹാരമാകും
31 വില്ലേജുകളിലായി 356 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്
പൂർണമായി പുതിയ ഹൈവേ ആയതിനാൽ 90% ഭൂമിയും പുതിയതായി ഏറ്റെടുക്കേണ്ടിവരും
കേന്ദ്രാനുമതി ഇനിയും വൈകുമോ?
പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ച ശേഷമേ നഷ്ടപരിഹാരം വിതരണം ചെയ്യാനാകൂവെന്ന നിലപാടിലാണ് ദേശീയപാത അതോറിട്ടി ഇപ്പോഴും. പദ്ധതിക്ക് അനുമതി നൽകുമെന്ന് മുമ്പും കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി സംസ്ഥാനത്തിന് ഉറപ്പു നൽകിയിരുന്നു. ഇതുവരെ അത് സംഭവിച്ചിട്ടില്ല. അനുമതി എന്ന് ലഭിക്കും എന്നതിനെ ആശ്രയിച്ചിരിക്കും നഷ്ടപരിഹാര വിതരണ തീയതി നിശ്ചയിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |