
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയുടെ പൊതുശ്മശാനം ‘ശാന്തി ഇടം’ യാഥാർത്ഥ്യമായിരിക്കുന്നു. പ്ലാവിളയിലെ മലഞ്ചാണി മലയിൽ നിർമ്മിച്ച ഗ്യാസ് ക്രിമറ്റോറിയത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. മിനുക്കുപണികൾ മാത്രമാണ് ബാക്കി. പലതവണ പൊതുശ്മശാനം നിർമ്മിക്കുന്നതിനെക്കുറിച്ച് മുൻസിപ്പൽ കൗൺസിലുകൾ തീരുമാനമെടുത്തിരുന്നെങ്കിലും നടപ്പാക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. ശക്തമായ എതിർപ്പുകളെ അതിജീവിച്ചാണ് ‘ശാന്തി ഇടം’ പദ്ധതി യാഥാർത്ഥ്യമായത്.
ഏകദേശം 5400 ചതുരശ്ര അടി വിസ്തൃതിയിലുള്ള കെട്ടിടമാണ് ശ്മശാനത്തിനായി നിർമ്മിച്ചിരിക്കുന്നത്. ഒരേസമയം രണ്ട് മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സൗകര്യമുണ്ടെങ്കിലും ഒരു മൃതദേഹം സംസ്കരിക്കുന്നതിനുള്ള സംവിധാനമാണ് ആരംഭത്തിൽ പ്രവർത്തിക്കുക. അനുസ്മരണ,അനുശോചന യോഗങ്ങൾ സംഘടിപ്പിക്കാൻ പ്രത്യേക സൗകര്യങ്ങളും ഉണ്ടാകും. പെരുമ്പഴുതൂർ പോളിടെക്നിക്കിന് സമീപത്തുനിന്ന് ശ്മശാനത്തിലേക്കുള്ള റോഡ് പൂർത്തിയാകുന്നതോടെ, 200 മീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്ന ‘ശാന്തി ഇട"ത്തിൽ എളുപ്പത്തിൽ എത്തിച്ചേരാനാകും. അതിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിന്റെ 90 ശതമാനം വരെ പൂർത്തിയായിട്ടുണ്ട്.
തുകയും അനുവദിച്ചു
95 ലക്ഷം രൂപ ചെലവിൽ നിർമ്മാണം ആരംഭിച്ച പദ്ധതിക്ക്, ചെലവുകൂടിയതോടെ നടപ്പ് ബഡ്ജറ്റിൽ 75 ലക്ഷം രൂപ കൂടി അനുവദിച്ചു. വാതക ചിതയൊരുക്കുന്നതിനായി മാത്രം 40 ലക്ഷം രൂപ ചെലവായി. അന്ത്യകർമ്മങ്ങൾ നടത്തുന്നതിനായി പ്രത്യേക ഹാളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പൂന്തോട്ടവും
‘ശാന്തി ഇട"ത്തിലേക്കുള്ള പ്രവേശന കവാടത്തിൽ നടുവിൽ പടിക്കെട്ടുകളും ഇരുവശങ്ങളിലായി പൂന്തോട്ടവും നിർമ്മിക്കും. ഇവിടെ നിന്ന് നെയ്യാറ്റിൻകര നഗരം മുഴുവൻ,കോവളം,വിഴിഞ്ഞം തുറമുഖം ഉൾപ്പെടെയുള്ള ദൃശ്യം ആസ്വദിക്കാനാകും. ഇതിനായി ഒരു വ്യൂ പോയിന്റും പാർക്കും നിർമ്മിക്കുന്നുണ്ട്.
ടം"
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |