
മലയിൻകീഴ്: മലയിൻകീഴ് വില്ലേജ്ഓഫീസ് മന്ദിരം ഹൈടെക്കാണെങ്കിലും മഴപെയ്താൽ ഓഫീസിനകം വെള്ളക്കെട്ടാകും. നിർമ്മാണത്തിലെ അപാകതയാണെന്നാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്. കെട്ടിടത്തിന്റെ രണ്ട് വശങ്ങളിലുമായി ഗ്രിൽ ഇട്ട ഭാഗത്തുനിന്ന് മഴയത്ത് വെള്ളം അടിച്ച് അകത്തേക്ക് കയറുന്നത് വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്കും ഓഫീസ് ജീവനക്കാർക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. പൊതുജനങ്ങൾക്ക് ഇരിക്കാനുള്ള കൈവരിയും വെള്ളത്താൽ നിറയുന്നു. നേരത്തെ ഇവിടെ ഉണ്ടായിരുന്ന കെട്ടിടത്തിന് സ്ഥലസൗകര്യമുണ്ടായിരുന്നു. എന്നാൽ ആ കെട്ടിടത്തിലെത്താനാകാത്ത രീതിയിലാണ് പുതിയ ഹൈടെക് മന്ദിരം നിർമ്മിച്ചിരിക്കുന്നത്.നിത്യേന നിരവധി പേർ ഇവിടെ വിവിധ ആവശ്യങ്ങൾക്കായി എത്താറുണ്ട്.പൊതുജനങ്ങളും ജീവനക്കാരും നേരിടുന്ന ബുദ്ധിമുട്ട് വിശദീകരിച്ച് റവന്യൂവകുപ്പിന് ജീവനക്കാർ ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്.
2022 ഏപ്രിൽ 12 നാണ് മലയിൻകീഴ് സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തത്
45 ലക്ഷത്തിലേറെ രൂപ വിനിയോഗിച്ചാണ് സ്മാർട്ട് വില്ലേജ്ഓഫീസ് നിർമ്മിച്ചത്
ജീവനക്കാർക്കും ബുദ്ധിമുട്ടുകൾ
റവന്യൂവകുപ്പ് രേഖകളിൽ 40 സെന്റ് സ്ഥലമുണ്ടെങ്കിലും നിലവിൽ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്നിടത്ത് 20 സെന്റായി കുറഞ്ഞിട്ടുണ്ട്.വില്ലേജ് ഓഫീസ് കെട്ടിടത്തിലെ മുറികളെല്ലാം സ്ഥലസൗകര്യ ക്കുറവുള്ളതിനാൽ ഓഫീസ് പ്രവർത്തനത്തിന് അനുയോജ്യമല്ലെന്നും നിർമ്മിച്ചതിൽ വീഴ്ചയുണ്ടെന്നും ആരോപണമുണ്ട്. വില്ലേജ് ഓഫീസർ ഉൾപ്പെടെ 8 ജീവനക്കാർ ഈ വില്ലേജിലുണ്ട്. ഇവരുടെ ഇരുചക്രവാഹനങ്ങൾ മഴയും വെയിലുമേൽക്കാതെ സൂക്ഷിക്കുന്നതിനുള്ള ഷെഡ് പോലും ഇവിടെയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |