സ്റ്റേഷനുകളിൽ പോക്‌സോ കേസുകൾ വർദ്ധിക്കുന്നു
വർക്കല: വിദ്യാർത്ഥികൾക്കിടയിൽ സ്വാഭാവികമായി വളരേണ്ട സൗഹൃദബന്ധങ്ങൾ ഇന്ന് ഭയമുണർത്തുന്ന ഇടപെടലുകളിലേക്ക് വഴിമാറുകയാണ്. സമൂഹമാദ്ധ്യമങ്ങളിലൂടെ പെൺകുട്ടികളെ കേന്ദ്രീകരിച്ച് അതിക്രമങ്ങൾ വർദ്ധിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തിറങ്ങുന്നത്. 17കാരിയായ വിദ്യാർത്ഥിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 21കാരൻ അറസ്റ്റിലായ സംഭവം ഇക്കഴിഞ്ഞ മാസമാണ് റിപ്പോർട്ട് ചെയ്തത്. അന്നേ ദിവസം തന്നെ 13കാരി ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തിലും പോക്‌സോ വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തിരുന്നു. ഈ വർഷം 17ഓളം പോക്‌സോ കേസുകളാണ് അയിരൂർ സ്റ്റേഷനിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വർക്കലയിലും സമാനസംഭവങ്ങൾ കൂടുതലായുണ്ട്. ബന്ധുവീട്ടുകാരും അയൽക്കാരും സുഹൃത്തുക്കളും വരെ വില്ലന്മാരാകുന്നതെന്നതും ഞെട്ടിക്കുന്ന വസ്തുതയാണ്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവ വഴി സൗഹൃദം സ്ഥാപിച്ചശേഷം പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണ്.
ബാലസുരക്ഷാ അവബോധം
കുട്ടികളുടെ ശാരീരികവും മാനസികവുമായ സുരക്ഷ ഉറപ്പാക്കാൻ കുടുംബം,സ്കൂൾ,സമൂഹം, നിയമസംവിധാനം എന്നിവ ചേർന്നുനടത്തേണ്ട സമഗ്ര നടപടികളും അറിവും ഉൾക്കൊള്ളുന്ന ആശയമാണ് ബാലസുരക്ഷാ അവബോധം. ശാരീരിക, മാനസിക,ഡിജിറ്റൽ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ബോധവത്കരണം ഉൾപ്പെടെയുള്ള അടിസ്ഥാനതലത്തിലുള്ള പ്രവർത്തനം ഇനിയും കാര്യക്ഷമമാക്കേണ്ടതുണ്ട്.
രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്...
1. മിണ്ടാതിരിക്കുക, അമിതമായ പേടി, സ്കൂളിൽ പോകാൻ മടി, ഭക്ഷണം-ഉറക്കം മാറുക തുടങ്ങി കുട്ടികളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കണം.
2. കുട്ടികളോട് ദിവസവും സൗഹൃദപരമായി സംസാരിക്കുക. ശിക്ഷാനടപടികൾ സ്വീകരിക്കില്ലെന്ന് കുട്ടികൾക്ക് ഉറപ്പ് നൽകുക
3.മൊബൈലിന്റെയും ഓൺലൈൻ ആപ്പുകളുടെയും ഉപയോഗം നിരീക്ഷിക്കുക,
4.കുട്ടികളുടെ ഫോണുകളുടെ ഉപയോഗം നിയന്ത്രിക്കുക
5.സംശയകരമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ സ്കൂൾ കൗൺസിലർ,ചൈൽഡ് ലൈൻ (1098) എന്നിവരെ സമീപിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |