
നെയ്യാറ്റിൻകര: നെയ്യാറിന് കുറുകെ ഇരുമ്പിൽ പ്രദേശം ടൗണുമായി ബന്ധിപ്പിക്കാനായുള്ള കന്നിപ്പുറം പാലം നിർമ്മാണം എങ്ങുമെത്തുന്നില്ല. ടെക്നിക്കൽ അനുമതി ലഭ്യമായ ശേഷം പാലം നിർമ്മാണത്തിന് 11 കോടി രൂപ അനുവദിച്ച് പണി തുടങ്ങിയെങ്കിലും വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് നിർമ്മാണം വൈകാൻ കാരണം. കന്നിപ്പുറത്ത് പാലം വേണമെന്ന് കഴിഞ്ഞ കാൽനൂറ്റാണ്ടു കാലമായുള്ള നാട്ടുകാരുടെ മുറവിളിക്ക് ശേഷമാണ് പാലത്തന് നിർമ്മാണ അനുമതി ലഭിച്ചത്. ഇരുമ്പിൽ പ്രദേശത്തു നിന്നും എട്ട് കിലോമീറ്റർ ചുറ്റി സഞ്ചരിച്ച് ടൗണിലെത്തിയിരുന്ന ഇരുമ്പിൽ നിവാസികൾക്ക് പാലം വരുന്നതോടെ യാത്ര സുഗമമാകും. ഇപ്പോൾ കടത്തുവള്ളമാണ് സ്കൂൾ കുട്ടികൾക്കും മറ്റ് യാത്രക്കാർക്കുമുള്ള ഏക ആശ്രയം.
പാലത്തിന് ഇരുവശമുള്ള അപ്രോച്ച് റോഡുകളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. ഇതിലേക്കായി നെയ്യാറിന്റെ ഇരുകരകളിലും അരക്കിലോമീറ്റർ ദൂരത്തിൽ മണ്ണിട്ട് നികത്തി.
പുതിയ ഇലക്ട്രിക് പോസ്റ്റുകൾ സ്ഥാപിച്ചില്ല
കന്നിപ്പുറത്ത് നെയ്യാറിന് ഇരുവശങ്ങളിലുമായുള്ള സ്വകാര്യ ഭൂമി പാലം പണിക്കായി സർക്കാർ ഏറ്റെടുത്തിരുന്നു. എന്നാൽ ഈ ഭൂമിയിലുണ്ടായിരുന്ന പഴയ ഇലക്ട്രിക്കൽ പോസ്റ്റുകൾ മാറ്റി പകരം പുതിയ പോസ്റ്റ് സ്ഥാപിക്കണമെന്ന അപേക്ഷ ബോർഡ് ഓഫീസിൽ കെട്ടിക്കിടപ്പാണ്. പാലത്തോടനുബന്ധിച്ച് നിർമ്മിക്കാൻ പോകുന്ന അപ്രോച്ച് റോഡിലേക്ക് പുതിയ ഇലക്ട്രിക് പോസ്റ്റുകൾ സ്ഥാപിക്കുവാനായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ഇലക്ട്രിസിറ്റി ബോർഡ് ഓഫീസിൽ നിർദ്ദിഷ്ട തുക അടച്ചിട്ടും പോസ്റ്റുകൾ ഇതേ വരെ മാറ്റിയിട്ടില്ല.
വാട്ടർ അതോറിട്ടിയും പഴയ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കാമെന്ന് ഏറ്റിട്ടും നടന്നില്ല. 2020ലാണ് പണി ആരംഭിച്ചത്. ഇതിലേക്കായി ഉദ്യോഗസ്ഥരും തൊഴിലാളികളും ഇപ്പോഴും സൈറ്റിലുണ്ടങ്കിലും പണികൾ വൈകുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |