
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് 10കിലോമീറ്റർ മാത്രമകലെ പൂവാറിൽ കപ്പൽനിർമ്മാണശാലയും തലസ്ഥാനവികസന മാസ്റ്റർപ്ലാനിൽ ബി.ജെ.പി ഉൾപ്പെടുത്തിയേക്കും. കേരളത്തിലടക്കം കപ്പൽനിർമ്മാണ ക്ലസ്റ്ററുകൾ നേരത്തേ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. മാരിടൈം അമൃത്കാൽ വിഷൻ-2047ൽ ഉൾപ്പെടുത്തി സംസ്ഥാനത്തിന്റെ സഹകരണത്തോടെ കപ്പൽശാലയും കപ്പൽഅറ്റകുറ്റപ്പണി കേന്ദ്രവും നിർമ്മിക്കാനാണ് കേന്ദ്രപദ്ധതി. തലസ്ഥാന വികസനത്തിനും തൊഴിലവസരങ്ങൾക്കും വഴിതുറക്കുന്നതാണ് കപ്പൽശാല പദ്ധതിയെന്ന് 'കേരളകൗമുദി' ചൂണ്ടിക്കാട്ടിയിരുന്നു.
വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ച കപ്പൽ അറ്റകുറ്റപ്പണിക്ക് സൗകര്യമുണ്ടാവേണ്ടതുണ്ട്. ലോകത്തെ വൻകിട കപ്പലുകളെല്ലാം വിഴിഞ്ഞത്തെത്തുന്നുണ്ട്. ഇപ്പോൾ കൊച്ചിയിൽ മാത്രമാണ് ഈ സൗകര്യമുള്ളത്. പൂവാറിൽ, തീരത്തുനിന്ന് അരകിലോമീറ്റർ ദൂരംവരെ 13മീറ്റർ സ്വാഭാവിക ആഴമുള്ളതാണ് പക്കൽശാലയ്ക്ക് അനുകൂലം. ഇരുപതിനായിരത്തിലേറെ കണ്ടെയ്നറുകൾ വഹിക്കാനാവുന്ന കൂറ്റൻകപ്പലുകൾ പോലും നിർമ്മിക്കാൻ അനുയോജ്യമാണിവിടം. ഇടയ്ക്കിടെയുള്ള ഡ്രജ്ജിംഗ് വേണ്ടിവരില്ല.
കഴിഞ്ഞ കേന്ദ്രബഡ്ജറ്റിൽ കപ്പൽക്ലസ്റ്ററുകൾ പ്രഖ്യാപിച്ചതിനു പിന്നാലെ കപ്പൽശാലയ്ക്കായി കേന്ദ്രവുമായി കൂടുതൽ ചർച്ച നടത്തുമെന്നും ഇക്കാര്യത്തിൽ സംസ്ഥാനം ഏറ്റെടുക്കേണ്ട ഉത്തരവാദിത്വങ്ങൾ നിർവഹിക്കുമെന്നും സംസ്ഥാന ബഡ്ജറ്റിലും പ്രഖ്യാപനമുണ്ടായിരുന്നു.എന്നാൽ തുടർനടപടികളുണ്ടായില്ല. അതേസമയം, തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ കപ്പൽശാല നിർമ്മിക്കാൻ കൊറിയൻ കമ്പനിയായ ഹ്യുണ്ടായി രംഗത്തുണ്ട്.
കപ്പൽശാലയ്ക്ക് അനുയോജ്യമായ പൂവാർ,നഗരസഭാതിർത്തിക്ക് പുറത്തുള്ള പഞ്ചായത്താണ്
തലസ്ഥാന വികസനത്തിനുള്ള ബി.ജെ.പിയുടെ മാസ്റ്റർപ്ലാനിൽ ഇതുൾപ്പെട്ടാൽ മാരിടൈം അമൃത്കാൽ വിഷൻ-2047ൽ ഉൾപ്പെടുത്തുക എളുപ്പമായിരിക്കും.
പ്രധാനമന്ത്രിയെത്തുമ്പോൾ കപ്പൽശാല പ്രഖ്യാപനം നടത്തിയാൽ നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു.
കപ്പൽശാലയോടു ചേർന്ന് ടൗൺഷിപ്പ്, ആശുപത്രികൾ എന്നിവ വരും. വൈദ്യുതി,കുടിവെള്ളം,റോഡ് കണക്ടിവിറ്റി എന്നിവ സംസ്ഥാനം ഉറപ്പാക്കണമെന്നാണ് കേന്ദ്രനിർദ്ദേശം.
15,000 തൊഴിൽ
കപ്പൽശാല വന്നാൽ 15,000ത്തോളം തൊഴിലവസരങ്ങളുണ്ടാവും.അനുബന്ധ വ്യവസായങ്ങൾക്കും മെച്ചമാണ്. നികുതിയിനത്തിലും നേട്ടം.
മാരിടൈം അമൃത്കാൽ
തീരദേശ സംസ്ഥാനങ്ങളിൽ സുസ്ഥിര വളർച്ച ലക്ഷ്യമിട്ടാണ് മാരിടൈം അമൃത്കാൽ അടിസ്ഥാനസൗകര്യ വികസനപദ്ധതി. 80ലക്ഷം കോടി രൂപ ചെലവുവരുന്ന പദ്ധതികളാണ് മാരിടൈം അമൃത്കാലിൽ നടപ്പാക്കുക. കപ്പൽനിർമ്മാണ-അറ്രകുറ്റപ്പണി ക്ലസ്റ്ററുകൾ, റിവർക്രൂയിസ് പദ്ധതികൾ, ഉൾനാടൻ ജലഗതാഗത പദ്ധതികൾ തുറമുഖങ്ങൾ എന്നിവയെല്ലാമുൾപ്പെടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |