വിതുര: വിതുര,തൊളിക്കോട് പഞ്ചായത്തുകളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടും അധികൃതർ നടപടികളെടുക്കുന്നില്ലെന്ന് നാട്ടുകാർ. സമീപപഞ്ചായത്തുകളിലെ അവസ്ഥയും വിഭിന്നമല്ല. തെന്നൂർ, തൊളിക്കോട് മേഖലയിൽ പേവിഷബാധയുള്ള നായ ആക്രമിച്ച് അനവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പൊൻമുടി - തിരുവനന്തപുരം സംസ്ഥാനപാത ഇതിനകം തെരുവുനായ്ക്കൾ കൈയേറിക്കഴിഞ്ഞു. വിനോദസഞ്ചാരികളെയും തെരുവുനായ്ക്കൾ ആക്രമിച്ചു. രാത്രിയിൽ ബസിറങ്ങുന്നവരാണ് ആക്രമണത്തിന് ഇരയാകുന്നത്. നേരത്തേ തോട്ടുമുക്കിലെ ഇറച്ചിക്കടയിൽ കയറി ഉടമയെ കടിച്ചു പരിക്കേല്പിച്ചിരുന്നു. വീടുകളിൽ കയറി വളർത്തുമൃഗങ്ങളെ ഇവ ആക്രമിക്കുന്നതും പതിവാണ്. പൊൻമുടി വിതുര സംസ്ഥാനപാതയിലെ മിക്കമേഖലകളിലും മാലിന്യം കുന്നുകൂടിയ അവസ്ഥയാണ്. ഇത് കഴിക്കാനെത്തുന്ന നായ്ക്കളാണ് ആക്രമണകാരികളാകുന്നത്. പേവിഷബാധയുള്ള നായ്ക്കളും ഇക്കൂട്ടത്തിലുണ്ട്. വിതുര,ചാരുപാറ എം.ജി.എം പൊൻമുടിവാലി സ്കൂളിന് സമീപത്തും തെരുവുനായശല്യം വർദ്ധിച്ചിട്ടുണ്ട്.
തെരുവുനായ്ക്കളുടെ കേന്ദ്രങ്ങൾ
തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക്,പുളിമൂട് വാർഡുകളുടെ അതിർത്തി പ്രദേശമായ തോട്ടുമുക്ക്,പേരയത്തുപാറ, ചാരുപാറ,ചായം,ചേന്നൻപാറ, വിതുര പഞ്ചായത്തിലെ വിതുര കലുങ്ക്, ആശുപത്രിജംഗ്ഷൻ,കൊപ്പം,ചന്തമുക്ക്,കെ.പി.എസ്.എം, തേവിയോട് മേഖലകളിൽ അനവധി തെരുവുനായ്ക്കളാണ് തമ്പടിച്ചിരിക്കുന്നത്.
ആക്രമണം പതിവ്
ഏതാനും ദിവസങ്ങൾക്കു മുമ്പ് രാത്രിയിൽ വാഹനത്തിൽ നിരവധി നായ്ക്കളെ ചാരുപാറ, പേരയത്തുപാറ മേഖലയിൽ കൊണ്ടിറക്കിയിരുന്നു. ഇവ വീടുകളിൽ അതിക്രമിച്ചുകയറി കോഴികളെ പിടികൂടി ഭക്ഷണമാക്കുകയാണ്. റോഡരികിൽ മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്ന മേഖലകളിലും ഇത്തരം തെരുവുനായ്ക്കൾ തമ്പടിച്ചിട്ടുണ്ട്. മാലിന്യം തിന്നാൻ കാട്ടുപന്നികളും എത്തുന്നുണ്ട്. മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ മേഖലയിൽ സി.സി.ടി.വി സ്ഥാപിക്കുമെന്ന അധികാരികളുടെ വാഗ്ദാനം ഇതുവരെ നടപ്പായിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |