തിരുവനന്തപുരം: ആദ്യമായി തിരുവനന്തപുരം കോർപ്പറേഷൻ ഭരിക്കാനൊരുങ്ങുന്ന ബി.ജെ.പിയുടെ മേയർ ആരാണെന്നതിൽ സസ്‌പെൻസ് തുടരുന്നു. സംസ്ഥാനത്ത് കൂടിയാലോചന നടത്തി കേന്ദ്രാനുമതിയോടെയായിരിക്കും മേയർ പ്രഖ്യാപനമുണ്ടാകുക എന്നാണ് സൂചന. ആർ.എസ്.എസിന്റേയും അഭിപ്രായം കണക്കിലെടുക്കും. ആർ.ശ്രീലേഖ,വി.വി.രാജേഷ്,കരമന അജിത്ത് എന്നീ പേരുകൾ തന്നെയാണ് സജീവ പരിഗണനയിലുള്ളത്.
ശക്തമായ പ്രതിപക്ഷമായി നിലകൊള്ളുമെന്ന് എൽ.ഡി.എഫും യു.ഡി.എഫും വ്യക്തമാക്കിയതിനാൽ തത്കാലം ബി.ജെ.പിക്ക് പ്രതിസന്ധിയില്ല. മേയർ,ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി സ്ഥാനാർത്ഥികൾ തന്നെ ജയിക്കും. മറ്റ് രണ്ടു മുന്നണികളും സ്വന്തം സ്ഥാനാർത്ഥികളെ നിറുത്താനാണ് സാദ്ധ്യത. വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ സ്വതന്ത്രരുടെ സഹായത്തോടെ മുന്നോട്ടുപോകേണ്ട സാഹചര്യമുണ്ട്. പ്രതിപക്ഷത്തെ അതിരുവിട്ട് പ്രകോപിപ്പിച്ചാൽ അവർ ഒരുമിച്ച് നിൽക്കാനുള്ള സാദ്ധ്യതയുമുണ്ടാകാമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു.
ജനുവരിയിലാണ് വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പ്. ബി.ജെ.പിക്ക് സ്വാധീനമില്ലാത്ത വിഴിഞ്ഞത്ത് പ്രതിപക്ഷസ്ഥാനാർത്ഥിയാകാം വിജയിക്കുക. അതോടെ സ്വതന്ത്രർ ഉൾപ്പെടെ എതിർപക്ഷത്ത് 51 അംഗങ്ങളാകും. കൗൺസിലിൽ ഭൂരിപക്ഷമില്ലെങ്കിൽ ബി.ജെ.പി കൊണ്ടുവരുന്ന അജൻഡകൾ പാസാക്കാനുമാകില്ല. അജൻഡകൾക്കെതിരേ ഒരുമിച്ചുനിന്ന് വോട്ടെടുപ്പ് ആവശ്യപ്പെടാൻ മറ്റ് മുന്നണികൾക്കാവും. പ്രതിപക്ഷ നിരയുടെ പരിചയസമ്പന്നതയും വെല്ലുവിളിയാണ്. മുൻ മേയറും ഡെപ്യൂട്ടി മേയറും മൂന്ന് സ്ഥിരം സമിതി അദ്ധ്യക്ഷരും ഉൾപ്പെടെ മുതിർന്ന അഞ്ചുനേതാക്കളാണ് എൽ.ഡി.എഫിന്റെ നേതൃസ്ഥാനത്തുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |