തൃശൂർ: സ്‌കൂളിലെ കുട്ടികളെ സ്വന്തം മക്കളെ പോലെ കരുതിയാണ് പാചകത്തൊഴിലാളി ശോഭ അന്നമൂട്ടിയത്. അതും നാല് പതിറ്റാണ്ട്. മൂന്ന് കൊല്ലം മുമ്പ് മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവേ, അപകടം സംഭവിച്ച് അവധിയെടുത്ത അന്നമനട കുമ്പിടിക്കനാൽ കുഞ്ഞിപ്പറമ്പിൽ ശോഭയ്ക്ക് പക്ഷേ തിരിച്ചു വന്നപ്പോൾ മേലഡൂർ ജി.എൽ.പി സ്‌കൂളിൽ ജോലിയില്ല.
പരിശോധനയിൽ തലയിൽ ട്യൂമർ കണ്ടെത്തിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തി. വാഹനാപകടത്തിൽ ഇടതു കാൽമുട്ടിന് പരിക്കേറ്റു. നാല് പല്ല് നഷ്ടപ്പെട്ടു. അഞ്ച് ലക്ഷം ചെലവാക്കി ഒന്നര കൊല്ലം ചികിത്സിച്ച ശേഷം കൊവിഡിന് മുമ്പ് ജോലിക്കെത്തിയപ്പോഴാണ് അധികൃതർ കൈമലർത്തിയത്. അവധിയനുവദിച്ച ഹെഡ്മിസ്ട്രസ് വിരമിച്ചു.
പാചകത്തൊഴിലാളിക്ക് ലീവില്ലെന്നായി ഉദ്യോഗസ്ഥരുടെ വാദം. സമ്മർദ്ദമായതോടെ, എ.ഇ.ഒയും കൈമലർത്തി. അവധി അംഗീകരിച്ചതിന്റെ രേഖ കാണിച്ചിട്ടും ഫലമില്ല. ജില്ല വിദ്യാഭ്യാസ ഓഫീസർ അടക്കമുള്ളവർക്ക് പരാതി നൽകി. സർക്കാരിറക്കുന്ന സർക്കുലറിൽ പാചകത്തൊഴിലാളികളുടെ അവധിക്കാര്യം പറയുന്നില്ലെന്ന ന്യായം പറഞ്ഞ് മാള എ.ഇ.ഒയും അവധിയില്ലെന്ന് ഉത്തരവിറക്കി. ഇതിനെതിരെ ഉന്നതോദ്യോഗസ്ഥർക്കും പരാതി നൽകി. അവധി നിഷേധിച്ചതിനെതിരെ കേസ് നടത്താനും പണമില്ലാതെ കഷ്ടപ്പെടുകയാണ് കുടുംബം.
പണി തീരാത്ത വീട്
വാർക്കപ്പണിക്ക് പോയിരുന്ന ശോഭയുടെ ഭർത്താവ് സുബ്രഹ്മണ്യന് മൂന്ന് വർഷം മുമ്പ് സംസാരിക്കുമ്പോൾ ശബ്ദമില്ലാതായി. ഒരു കൊല്ലത്തിന് ശേഷം ശബ്ദം തിരിച്ചു കിട്ടിയെങ്കിലും രണ്ട് കൊല്ലം മുമ്പ് വീണ്ടും നഷ്ടപ്പെട്ടു. ചികിത്സ ഫലം കണ്ടില്ല. മക്കളായ വൈഷ്ണവും വൈശാഖും പെയിന്റിംഗ് തൊഴിലാളികൾ. മകൾ വിസ്മയ തൃശൂരിൽ ടെക്‌സ്‌റ്റൈൽ സ്ഥാപനത്തിൽ ജോലിയെടുക്കുന്നു. വേണ്ടത്ര വരുമാനമില്ലാത്തതിനാൽ ലൈഫ് പദ്ധതിയിലുണ്ടാക്കിയ ചെറിയ വീടിന്റെ പണി പത്ത് കൊല്ലം പിന്നിട്ടിട്ടും പൂർത്തിയായിട്ടില്ല.
ഞാൻ ജോലി ചെയ്ത സ്‌കൂളിന് മുന്നിലൂടെ പോകുമ്പോൾ സങ്കടം സഹിക്കാനാകില്ല. അടുത്ത കൊല്ലമെങ്കിലും എനിക്ക് ജോലിയിൽ കയറണം.
ശോഭ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |