തൃശൂർ: ഫിഷറീസ് വകുപ്പിനായി സ്വതന്ത്ര മന്ത്രാലയം അനുവദിച്ചത് ഉൾപ്പെടെ രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി മോദി സർക്കാർ പദ്ധതികൾ നടപ്പിലാക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഒ.ബി.സി വിഭാഗങ്ങളെ ദ്രോഹിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ശ്രീപദ്മനാഭൻ. ഒ.ബി.സി വിദ്യാർത്ഥികളുടെ ഇ - ഗ്രാന്റ് തടഞ്ഞുവച്ച വിഷയത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തടഞ്ഞുവച്ചിട്ടുള്ള ഒ.ബി.സി വിഭാഗത്തിലെ വിദ്യാർത്ഥികളുടെ ഗ്രാന്റ് ഉടൻ അനുവദിക്കുക, സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റിൽ പിന്നോക്ക വിഭാഗങ്ങളോടുള്ള അവഗണന തിരിച്ചറിയുക, ദേശീയ പിന്നാക്ക ധനകാര്യ കമ്മിഷന്റെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി - ഒ.ബി.സി മോർച്ച നടത്തിയ കളക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അഡ്വ. ശ്രീപദ്മനാഭൻ.
ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് കെ.എസ്. രാജേഷ് അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ അയിനികുന്നത്ത്, ഒ.ബി.സി മോർച്ച സംസ്ഥാന നേതാക്കളായ സുരേന്ദ്രൻ ചിറ്റിലപ്പിള്ളി, ഷാജൻ ദേവസ്വംപറമ്പിൽ, അൻമോൽ മോത്തി, ജില്ലാ ജനറൽ സെക്രട്ടറിമാരായ സതീശൻ തേക്കിനേടത്ത്, സന്തോഷ് കാക്കനാട് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |