SignIn
Kerala Kaumudi Online
Thursday, 18 July 2024 8.22 AM IST

കനത്ത മഴ കനത്തു, നാടാകെ വെള്ളപ്പൊക്കം

1


തൃശൂർ: കനത്ത മഴയിൽ നാടാകെ വെള്ളക്കെട്ട്. സ്വരാജ് റൗണ്ട് ഉൾപ്പെടെ തൃശൂർ നഗരം അക്ഷരാർത്ഥത്തിൽ വെള്ളക്കെട്ടിൽ അമർന്നു. വൈകിട്ട് ആറോടെ ആരംഭിച്ച മഴ മണിക്കൂറുകളോളം നിറുത്താതെ പെയ്തു. ശക്തൻ പരിസരം, ശങ്കരയ്യ റോഡിന്റെ താഴത്തെ പ്രദേശം, എം.ജി റോഡ്, അയ്യന്തോൾ, പൂങ്കുന്നം, ഇക്കണ്ടവാരിയർ റോഡ് എന്നിവിടങ്ങളിലെല്ലാം വെള്ളം ഉയർന്നു. മഴ ശക്തമായതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി.

കിഴക്കെകോട്ട ബിഷപ്പ് ഹൗസിന്റെ മതിൽ വീണു. നിർമ്മാണം നടക്കുന്ന കൂർക്കഞ്ചേരി - കൊടുങ്ങല്ലൂർ, അമല - കേച്ചേരി, തീരദേശ ഹൈവേ എന്നിവിടങ്ങളിലെ നിരവധി സ്ഥലങ്ങളിൽ വെള്ളക്കെട്ടുണ്ടായി. കോർപറേഷൻ പരിധിയിൽ മഴക്കാല പൂർവ ശുചീകരണം പൂർത്തിയാകാത്തതും വെള്ളക്കെട്ടിന് കാരണമായി. നഗരത്തിൽ അടക്കം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി ബന്ധവും തകരാറിലായി.

വീടുകളിൽ വെള്ളം കയറി, ലക്ഷങ്ങളുടെ നഷ്ടം
കനത്ത മഴയിൽ വടക്കെ സ്റ്റാൻഡിന് സമീപമുള്ള അക്വാറ്റിക് ക്ലോംപ്ലക്‌സ് വഴിയിലെ 12 ഓളം വീടുകളിൽ വെള്ളം കയറി. ലക്ഷ്മി നിവാസിൽ ദിവ്യയുടെ വീട്ടിനകത്തെ കട്ടിൽ വരെ മുങ്ങുന്ന വിധമാണ് വെള്ളം കയറിയത്. വള്ളിക്കുട്ടി അമ്മ, ഉഷ, ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവരുടെ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. അലമാരകളിലും മറ്റും വെള്ളം കയറി വസ്ത്രങ്ങൾ ഉൾപ്പടെ നശിച്ചു.

രാത്രി ഏഴരയോടെയാണ് വീടുകളിലേക്ക് വെള്ളം കയറിത്തുടങ്ങിയത്. അക്വാറ്റിക് കോംപ്ലക്‌സിലേക്കും വെള്ളം കയറിയിട്ടുണ്ട്. വെള്ളക്കെട്ട് സംബന്ധിച്ച് കോർപറേഷനിൽ നിരവധി വർഷങ്ങളായി പരാതി ഉന്നയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. വീടുകളിലും റോഡരികിലും പാർക്ക് ചെയ്ത നിരവധി വാഹനങ്ങളും വെള്ളത്തിൽ അകപ്പെട്ടു. പ്രളയകാലത്തെ അനുസ്മരിപ്പിക്കുംവിധമായിരുന്നു വീടുകളിലേക്ക് വെള്ളം ഇരച്ചുകയറിയത്. ശങ്കരംകുളങ്ങര ക്ഷേത്ര പ്രദേശവും വെള്ളക്കെട്ടിലായി. കൊച്ചിൻ ദേവസ്വം ബോർഡ് ആസ്ഥാനത്തിന് സമീപമുള്ള താഴത്തെ നിലയിലെ കടകളിലും വെള്ളം കയറിയിട്ടുണ്ട്.


തെങ്ങ് വീണു തകർന്നു
ശക്തമായ കാറ്റിലും മഴയിലും ചക്കാംപറമ്പിൽ വീടിന് മുകളിൽ തെങ്ങ് വീണു. മറവാഞ്ചേരി ലൈനിലാണ് വൃദ്ധദമ്പതികൾ താമസിക്കുന്ന വീടിന് മുകളിൽ തെങ്ങ് വീണത്. ആളപായമില്ല.


വടക്കെ സ്റ്റാൻഡും വെള്ളത്തിൽ

കനത്ത മഴയിൽ വടക്കെ സ്റ്റാൻഡും വെള്ളത്തിലായതോടെ നിരവധി യാത്രക്കാർ ദുരിതത്തിലായി. ശക്തൻ സ്റ്റാൻഡ് പരിസരത്തും വെള്ളക്കെട്ട് രൂക്ഷമായിരുന്നു.

കോർപറേഷൻ നോക്കുകുത്തി
നഗരത്തിൽ മഴക്കാല പൂർവ ശൂചീകരണം പാളി. കാലവർഷം ആരംഭിക്കും മുൻപേ പെയ്ത ശക്തമായ മഴയിൽ തന്നെ നഗരജീവിതം ദുരിതപൂർണം. പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. ശുചീകരണം ഊർജിതമാണെന്ന മേയറുടെ പ്രസ്താവനയും വെള്ളത്തിലായി. നഗരം വെള്ളക്കെട്ടിലായതോടെ പ്രതിഷേധവും വ്യാപകമാണ്.

അശ്വനി ആശുപത്രിയിൽ വെള്ളം കയറി

തൃശൂർ അശ്വനി ആശുപത്രിയിൽ വെള്ളം കയറിയതിനാൽ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം നിറുത്തിവച്ചു. ആശുപത്രിയുടെ താഴത്തെ നിലയിലാണ് അത്യാഹിത വിഭാഗം പ്രവർത്തിക്കുന്നത്. അയ്യന്തോൾ ഉദയ നഗറിലും വെള്ളം കയറി. ശങ്കരയ്യ റോഡിലെ വീടുകളിൽ വെള്ളം കയറി. റെയിൽവേ സ്‌റ്റേഷൻ പാർക്കിംഗ് ഏരിയയും വെള്ളത്തിനടിയിലായി. വിയ്യൂർ പൊലീസ് സ്റ്റേഷനിലും വെള്ളം കയറി. വടക്കെച്ചിറയ്ക്ക് സമീപമുള്ള ഫ്‌ളാറ്റിലെ പാർക്കിംഗ് ഏരിയയിൽ വെള്ളം കയറിയതിനെത്തുടർന്ന് വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി.


പഞ്ചിക്കൽ റെഗുലേറ്റർ തുറക്കാൻ വൈകി
പഞ്ചിക്കൽ ഷട്ടർ യഥാസമയം തുറക്കാത്തതാണ് നഗരത്തിലെ വെള്ളക്കെട്ടിന് പ്രധാന കാരണമെന്നാണ് ആക്ഷേപം. ഒടുവിൽ കൗൺസിലർമാർ മേയറുടെയും മറ്റും ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് രാത്രി വൈകി ഷട്ടർ തുറന്നത്. വെള്ളം പൊടുന്നനെ ഉയരാൻ കാരണം ഷട്ടർ തുറക്കാൻ വൈകിയതാണെന്ന ആരോപണം ശക്തമാണ്.

കനത്ത മഴയിൽ ചാലക്കുടി നഗരം വെള്ളക്കെട്ടിൽ

ചാലക്കുടി: തുടർച്ചയായി പെയ്ത മഴയിൽ ചാലക്കുടി നഗരം വെള്ളക്കെട്ടിൽ. പല പ്രധാനകേന്ദ്രങ്ങളും വെള്ളത്തിന് അടിയിലാണ്. സൗത്ത് ജംഗ്ഷനിലെ ഹൗസിംഗ്‌ കോളനിയിലാകെ വെള്ളം നിറഞ്ഞു. പല വീടുകളിലെയും വരാന്തകളിൽ വെള്ളമെത്തി. അഴുക്കു ചാൽ നിറഞ്ഞതാണ് പ്രശ്‌നമായത്. ഇവിടെ മഴക്കാല പൂർവ ശുചീകരണം നടന്നിരുന്നില്ല.

കെ.എസ്.ആർ.ടി.സി റോഡിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. റെയിൽവേ അടിപ്പാതയിലും വെള്ളം കയറി. നഗരസഭയുടെ മഴക്കാല ശുചീകരണം കൃത്യമായി നടക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് ആരോപണം. ഓടകൾ ശുചീകരിക്കാൻ മുൻകൂട്ടി തീരുമാനിച്ചെങ്കിലും കൃത്യമായി നടന്നില്ല. ഏതാനും ദിവസം മുമ്പ് ആരംഭിച്ച പ്രവൃത്തികളാകട്ടെ ഇടയ്ക്ക് നിശ്ചലമായിരുന്നു.

നഗരമദ്ധ്യത്തിലെ പറയൻതോട് ശുചീകരിക്കാത്തതും പ്രതിസന്ധിയുടെ ആക്കംകൂട്ടി. എല്ലാ വർഷവും മഴയ്ക്ക് മുമ്പ് ഹിറ്റാച്ചി ഉപയോഗിച്ച് പറയൻതോട് ശുചീകരിക്കാറുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണം പ്രവൃത്തി നടന്നില്ലെന്നാണ് പറയുന്നത്. മഴകനത്താൽ പ്രശ്‌നം അതിരൂക്ഷമാകുമെന്ന് നഗരസഭാ കൗൺസിലർ വി.ജെ. ജോജി ചൂണ്ടിക്കാട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.