SignIn
Kerala Kaumudi Online
Thursday, 18 July 2024 9.36 AM IST

നൂറ്റാണ്ട് പിന്നിട്ട് മാധവേട്ടന്റെ ചായക്കട..! വായിക്കാം വളരാം, പിന്നെ എരുമപ്പാൽ ചായയും

1

പാവറട്ടി: മൂന്നുതലമുറകളിലൂടെ കൈമാറി 103 വർഷം പിന്നിട്ട പാടൂരിലെ മാധവേട്ടന്റെ ചായക്കടയ്ക്ക് പ്രത്യേകതകളേറെയുണ്ട്. സാമ്പത്തിക ലാഭത്തിനുമപ്പുറം ഇവിടെയെത്തുന്നവരുടെ മാനസിക ഉല്ലാസത്തിനാണ് പ്രാധാന്യം. ആർക്കും എപ്പോഴും കയറാം, ഇരിക്കാം, വർത്തമാന പത്രങ്ങൾ വായിക്കാം, റേഡിയോ പരിപാടികൾ കേൾക്കാം. രാവിലെ അഞ്ച് മുതൽ വൈകിട്ട് അഞ്ച് വരെയാണ് പ്രവർത്തന സമയം. ഉച്ചയ്ക്ക് 11 മുതൽ വൈകിട്ട് മൂന്ന് വരെ ഇടവേളയാണെങ്കിലും ഈ സമയവും വായനയ്ക്കും റേഡിയോ കേൾക്കാനുമായി ചായക്കട തുറന്നിരിക്കും.

ഇപ്പോഴത്തെ ഉടമയും നടത്തിപ്പുകാരനുമായ സുനിലിന്റെ മുത്തച്ഛൻ പാടൂർ കണിച്ചിയിൽ വേലുണ്ണിയാണ് ഒരു നൂറ്റാണ്ട് മുൻപ് ചായക്കട തുറന്നത്. ചായവിതരണത്തിലൂടെ കിട്ടുന്ന മാനസികോല്ലാസം മാത്രം ലാഭമായി കണ്ടായിരുന്നു തുടക്കം. അദ്ദേഹത്തിന്റെ മരണശേഷമാണ് മകൻ മാധവൻ ചായക്കട ഏറ്റെടുത്തത്. 'മാധവേട്ടന്റെ ചായക്കട' എന്ന പേരും അങ്ങനെ ലഭിച്ചു. മാധവേട്ടൻ മരിച്ചശേഷം മകനായ സുനിൽ നടത്തിപ്പുകാരനായി. മൂന്നാം തലമുറയിലെത്തിയെങ്കിലും ഓലപ്പുരയിലെ ചായമക്കാനിയിലെ ശീലങ്ങൾക്കിപ്പോഴും മാറ്റമില്ല.

ഓട്ടമുക്കാലും മൺ കുയ്താളിയുമുള്ള ചായക്കട കേരളത്തിൽ അപൂർവമാണ്. വെള്ളം തിളപ്പിക്കുന്ന പാത്രത്തിലിട്ട ഓട്ടമുക്കാൽ തിളച്ചുപൊങ്ങുമ്പോഴുണ്ടാകുന്ന ശബ്ദം കേട്ടാൽ ചായയ്ക്ക് വെള്ളം പാകമാണെന്ന് തിരിച്ചറിയാം. മൺകുയ്താളിയിലെ തെളിഞ്ഞ വെള്ളവും നാടൻ എരുമപ്പാലും ചേർന്നാൽ അസ്സൽ ചായ തയ്യാർ. വീട്ടിൽ വളർത്തുന്ന എരുമകളെ കറന്ന് നാട്ടുകാർക്ക് എരുമപ്പാൽ ചായ നൽകുന്നുവെന്നതും മറ്റൊരു പ്രത്യേകത. പുട്ട്, റൊട്ടി, ബൺ, ചായ, കാപ്പി എന്നിവയാണ് ഇവിടെയുള്ള വിഭവങ്ങൾ.

പഴമയുടെ രുചിക്കൂട്ട്

പാചകവാതകത്തിന്റെ വില റോക്കറ്റേറിയാലും പാടൂരിലെ മാധവേട്ടന്റെ കടയിൽ ചായയ്ക്കും ചെറുകടികൾക്കുമെല്ലാം ഒരേവില തന്നെ. വിറകടുപ്പ് മാത്രമേ ഉപയോഗിക്കാറുള്ളൂ. ഇതാണ് വില കൂട്ടാത്തതിന്റെ കാരണം. ഓരോ വർഷവും ഓലകെട്ടി മേയണമെന്ന ചെലവുണ്ട്. 40 കെട്ട് ഓല ഇതിനായി വേണം. ഏകദേശം 17000 രൂപ ചെലവ് വരുമെന്നും ഉടമ സുനിൽ പറയുന്നു. ചായക്കടയുടെ മേൽപ്പുര മാത്രമേ പുതുക്കിപ്പണിയാറുള്ളൂ, ഭിത്തികൾക്കെല്ലാം നൂറ്റാണ്ട് പഴക്കമുണ്ടെങ്കിലും നല്ല ഉറപ്പുണ്ട്.

ഞാനും ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം. സാമ്പത്തിക ലാഭത്തേക്കാൾ മനഃസംതൃപ്തിയെന്ന ആശയം ഉൾക്കൊണ്ടാണ് പൂർവികർ കട തുടങ്ങിയത്. അത് ഇന്നും നടപ്പാക്കുന്നുണ്ട്. എന്റെ കാലശേഷം ചായക്കടയ്ക്ക് മറ്റൊരു അവകാശിയുണ്ടാകുമോ എന്നറിയില്ല, അതിൽ മാത്രമാണ് വിഷമം.

- സുനിൽ, കടയുടമ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.