തൃശൂർ: കരുവന്നൂർ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലായിരുന്ന സി.പി.എമ്മിന് ഇത്തവണ ആശ്വാസിക്കാം. എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ വേട്ടയാടലിന് തൽക്കാലം വിരാമമായതോടെ പാർട്ടി പ്രതിനിധികളുടെയും ജനങ്ങളുടെയും ആരോപണങ്ങളിൽ നിന്ന് ജില്ലാ നേതൃത്വത്തിന് രക്ഷപ്പെടാൻ അവസരമായി. അടുത്ത മാസം കുന്നംകുളത്താണ് ജില്ലാ സമ്മേളനം. പക്ഷേ സുരേഷ് ഗോപി തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ വിജയിക്കാനിടയായത് സമ്മേളനത്തിൽ ചൂടുള്ള ചർച്ചയാകും. സുരേഷ് ഗോപിയെ പരോക്ഷമായി സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ സഹായം ചെയ്തുവെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. സി.പി.ഐ പരസ്യമായി പറഞ്ഞില്ലെങ്കിലും രഹസ്യമായി പല നേതാക്കളും ഈ അഭിപ്രായത്തെ സംശയത്തോടെ തന്നെയാണ് നോക്കി കണ്ടത്. സി.പി.എമ്മിന്റെ പിന്തുണയോടെ ഭരിക്കുന്ന തൃശൂർ കോർപറേഷൻ മേയർ എം.കെ.വർഗീസ് തെരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിയെ പുകഴ്ത്തിയത് ചർച്ചയായിരുന്നു. സി.പി.ഐ ഇതിനെ പരസ്യമായി എതിർക്കുകയും ചെയ്തിരുന്നു. ഒടുവിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മേയറുടെ വീട്ടിലെത്തി കേക്ക് കൈമാറിയതിനെ സ്ഥാനാർഥിയായിരുന്ന വി.എസ്.സുനിൽകുമാർ വിമർശിച്ചതും വിവാദമായി. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് സുനിൽകുമാറിനെ തള്ളിപ്പറഞ്ഞതോടെയാണ് പ്രശ്‌നം അവസാനിപ്പിച്ചത്.
ബി.ജെ.പി സി.പി.എം രഹസ്യബന്ധമോ..?
ബി.ജെ.പി സി.പി.എം രഹസ്യബന്ധമുണ്ടെന്ന ആരോപണവും പൂരം കലക്കലുമൊക്കെ കൂട്ടി വായിക്കുമ്പോൾ എന്തൊക്കെയോ ഉണ്ടെന്ന സംശയങ്ങൾക്ക് സി.പി.എം ജില്ലാ നേതൃത്വത്തിന് മറുപടി പറയാതിരിക്കാനാകില്ല. പൂരം കലക്കിയ വിഷയവും എ.ഡി.ജി.പി അജിത്കുമാർ ആർ.എസ്.എസ് നേതാവിനെ സന്ദർശിച്ചതും പാർട്ടിക്കെതിരേ പ്രതിപക്ഷം ആയുധമാക്കിയിരുന്നു. ഈ വിഷയങ്ങളിലൊക്കെ സി.പി.എം ജില്ലാ സെക്രട്ടറിയും നേതാക്കളും മൗനം പാലിച്ചു. സി.പി.എം നേതാക്കളുടെ അറിവോടെയാണ് എ.ഡി.ജി.പിയുടെ നീക്കങ്ങളെന്നാണ് പ്രതിപക്ഷത്തിന്റെയും ആരോപണം.
കരുവന്നൂർ ബാങ്ക് വിഷയത്തിൽ അറസ്റ്റിലായ വടക്കാഞ്ചേരിയിലെ സി.പി.എം നേതാവ് അരവിന്ദാക്ഷന് ജാമ്യം ലഭിച്ചതും പാർട്ടിക്ക് ആശ്വാസമായി. അരവിന്ദാക്ഷനുമായി മുൻ മന്ത്രിയും സെക്രട്ടറിയുമായിരുന്ന എ.സി.മൊയ്തീനടക്കമുള്ള നേതാക്കളുമായും ജില്ലാ നേതാക്കളുമായും അടുത്ത ബന്ധമുണ്ടെന്നതും സംശയ നിഴലിലാക്കിയിരുന്നു. സുരേഷ് ഗോപി ജയിച്ചതോടെ ഇ.ഡി ചോദ്യം ചെയ്യലും കേസുകളുടെ വേഗവും കുറഞ്ഞത് സി.പി.എം ബി.ജെ.പി ഡീൽ ആണെന്ന ആരോപണമാണ് ഉയർന്നു വരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |