തൃശൂർ: മലയാള സിനിമയ്ക്കും മുൻപേ ചലച്ചിത്ര പ്രദർശനത്തിനിറങ്ങിയ കെ.ഡബ്‌ളിയു.ജോസഫ്, കാട്ടൂക്കാരൻ വാറുണ്ണി ജോസഫ് വിടവാങ്ങിയിട്ട് നൂറുവർഷം. ചരിത്രം പോലും മറന്നുപോയ ജോസഫിനെ ആഘോഷിക്കാനൊരുങ്ങുകയാണ് തൃശൂർ. 1871 നവംബർ 26ന് ജനിച്ച ജോസഫ്, 1925 മേയ് 26നാണ് വിടവാങ്ങിയത്. 1928ൽ ഇറങ്ങിയ ആദ്യ മലയാള ചലച്ചിത്രം വിഗതകുമാരനും മുൻപേ സാംസ്‌കാരിക നഗരിക്ക് ചലിക്കും ചിത്രങ്ങളെ പരിചയപ്പെടുത്തിയത് ജോസഫാണ്.
സിനിമയ്ക്ക് മുൻപേ ജനിക്കുകയും മരിക്കുകയും ചെയ്‌തെങ്കിലും മലയാള സിനിമാ ചരിത്രത്തിലെ അത്യപൂർവ ഏടാണ് ജോസഫ്. തിരുച്ചിറപ്പള്ളിക്കാരൻ പോൾ വിൻസെന്റിന്റെ പാത പിന്തുടർന്നായിരുന്നു പ്രവർത്തനം. വിൻസെന്റിൽ നിന്നും ജോസഫിന്റെ പിതാവ് വാറുണ്ണി സ്വന്തമാക്കിയ ഫ്രഞ്ച് ബയോസ്‌കോപ്പ് കൊണ്ടാണ് ജോസഫ് തൃശൂരിൽ ചലിക്കുന്ന ചിത്രങ്ങളുടെ ആദ്യ പ്രദർശനം നടത്തിയതത്രേ.
സ്വരാജ് റൗണ്ടിൽ പ്രദർശനം
1907ലെ പൂരത്തിന് കൂടാരം കെട്ടിയായിരുന്നു ആദ്യപ്രദർശനം. എഡിസൺ ബയോസ്‌കോപ്പ് ജോസഫിന്റെ കൈവശമെത്തിയപ്പോൾ ജോസ് ബയോസ്‌കോപ്പ് എന്ന് അറിയപ്പെട്ടു. പെട്രോമാക്‌സ് വിളക്കുകളുടെ പ്രകാശത്തിൽ പൂ വിരിയുന്നതും ഓടുന്ന കുതിരയും തീവണ്ടി ഉൾപ്പെടെയുള്ള ചലിക്കുന്ന ചിത്രങ്ങളായിരുന്നു പ്രദർശിപ്പിച്ചിരുന്നത്. ഇതിനിടെ ജോസഫിന്റെ ബയോസ്‌കോപ്പും മറ്റും കടലിൽ മുങ്ങിപ്പോയെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ റോയൽ എക്‌സിബിറ്റേഴ്‌സ് എന്ന മലയാളത്തിലെ ആദ്യ പ്രദർശന കമ്പനിയും തുടങ്ങി. ഇതിനെ പിൻപറ്റിയാണ് അദ്ദേഹത്തിന്റെ മരണശേഷം 1930ൽ തൃശൂർ സ്വരാജ് റൗണ്ടിൽ ജോസ് തിയറ്റർ തുടങ്ങിയതെന്നാണ് ചരിത്രം.
അനുസ്മരണം നാളെ
കെ.ഡബ്ലിയു. ജോസഫിന്റെ നൂറാം ചരമ വാർഷിക അനുസ്മരണം ഇന്ന് വൈകിട്ട് അഞ്ചിന് തൃശൂരിലെ എലൈറ്റ് ഇന്റർനാഷണലിൽ നടക്കും. സംവിധായകൻ കമൽ ഉദ്ഘാടനം ചെയ്യും. അരവിന്ദൻ വല്ലച്ചിറ അദ്ധ്യക്ഷനാകും. സി.എൽ.ജോസ്, ടി.ജി.രവി എന്നിവർ വിശിഷ്ടാതിഥികളാകും. മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകളെ മുൻനിറുത്തി പ്രൊഫ.ഐ.ഷൺമുഖദാസ്, ഡോ.ഫാ.ബെന്നി ബെനഡിക്ട്, പി.എസ്.ഷാഹിൻ, ചെറിയാൻ ജോസഫ്, പൂനം റഹീം എന്നിവരെ ആദരിക്കും. റെജി എം.ദാമോദരൻ, സിന്ധു ചാക്കോള, ബി.ആർ.ജേക്കബ്, കെ.വിജയകുമാർ, പ്രൊഫ.കെ.ഗോപിനാഥ്, ജോസ് കുര്യൻ, പ്രൊഫ.ജോൺ തോമസ്, ഡോ.ജോസ് ജോസ് ജോസഫ് എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |