തൃശൂർ: സാഹിത്യവിമർശനത്തിന്റെ സാനുക്കളിൽ നിലകൊള്ളുമ്പോഴും ഉത്സവങ്ങളെയും നാടകമടക്കമുള്ള കലാസാംസ്‌കാരിക പ്രവർത്തനങ്ങളെയും പ്രൊഫ.എം.കെ.സാനു ഹൃദയത്തോട് ചേർത്തു. ഉത്സവങ്ങളുടെ നാട് കൂടിയായ തൃശൂരിനോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം അങ്ങനെ രൂപം കൊണ്ടതാണ്. മൂന്ന് മാസം മുൻപും തൃശൂരിലെ സാഹിത്യപരിപാടിയിൽ പങ്കെടുക്കാനെത്തി. രചനയ്ക്കും സംസ്‌കാരത്തിനുമായി ചിന്തിക്കുന്നവരുടെയും വായിക്കുന്നവരുടെയും എണ്ണം കുറയുന്നുവെന്ന് വേവലാതിപ്പെട്ടു. തൃശൂർ ലിറ്റററി ഫോറത്തിന്റെയും ചേറൂർ സാഹിതി സാംസ്‌കാരിക കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച 'അക്ഷരീയം' സാംസ്‌കാരിക സംഗമമായിരുന്നു വേദി. തൃശൂരിലും വടക്കാഞ്ചേരിയിലുമായി നിരവധി സുഹൃത്തുക്കളും അദ്ദേഹത്തിനുണ്ടായിരുന്നു. ആ ബന്ധങ്ങൾക്ക് വലിപ്പച്ചെറുപ്പമില്ലായിരുന്നു. സാഹിത്യ അക്കാഡമി പ്രസിഡന്റാകും മുമ്പുള്ള സൗഹൃദങ്ങളായിരുന്നു അവ.
ഇവിടെ ജനിച്ച് വളർന്നവർ, ഉത്സവപ്രിയരായില്ലെങ്കിലേ അദ്ഭുതപ്പെടേണ്ടതുള്ളൂവെന്നും എല്ലാ സങ്കടങ്ങളും മറന്ന്, ഉത്സവത്തിനെത്തിച്ചേർന്ന് എല്ലാ പ്രായക്കാരും ഉല്ലാസഭാവം നുകരുന്നുവെന്നും അദ്ദേഹം ഒരിക്കൽ കുറിച്ചു. സാഹിത്യ അക്കാഡമിയിൽ മാത്രമല്ല, സംഗീത നാടക അക്കാഡമിയിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടാകാറുണ്ട്. വിശിഷ്ട സാഹിത്യശാഖയായ നാടകം സിനിമയോട് മത്സരിക്കുന്നത് ആരോഗ്യകരമല്ലെന്ന് അഭിപ്രായപ്പെട്ടത് നാടക അക്കാഡമിയിലെ ജി.ശങ്കരപ്പിള്ള സ്മാരക പ്രഭാഷണത്തിലായിരുന്നു.
മികച്ച നാടകകൃത്തുക്കളായ കാളിദാസനും ഭാസനും ഷേയ്ക്ക്‌സ്പിയറുമെല്ലാം കവികളായിരുന്നുവെന്നും എല്ലാ നാടകങ്ങളും കവിതയുടെ അവസ്ഥയെ പ്രാപിക്കാൻ വെമ്പൽ കൊളളുന്നുവെന്നും അന്ന് അദ്ദേഹം നിരീക്ഷിച്ചു. സദസിന് മുൻപിൽ അവതരിപ്പിക്കുമ്പോൾ മാത്രമാണ് നാടകം ആസ്വദിക്കാനാവുന്നതെന്നും അതുകൊണ്ട് ജനകീയ സ്വഭാവം നാടകത്തെ വേറിട്ട് നിറുത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൃശൂരിലെ ഓരോ ഇടങ്ങളും സൗഹൃദങ്ങളും അദ്ദേഹം എന്നും ഓർത്തെടുക്കും.
ചിന്തയുടെ വിശാലലോകം
ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളിൽ സജീവമാകുമ്പോൾ, ഉത്രാളിക്കാവ് പൂരം സോവനീറിൽ ലേഖനമെഴുതാനും വായനശാലകളുടെ ചെറിയ പരിപാടികളിൽ പോലും പങ്കെടുക്കാനും സമയം കണ്ടെത്തി. പിന്നാക്ക സാമുദായിക പ്രസ്ഥാനങ്ങളുടേയും പരിപാടികളിൽ പങ്കെടുത്ത് ഭരണനേതൃത്വങ്ങൾക്കെതിരെ നിലപാട് ഉറക്കെപ്പറഞ്ഞു. പ്രളയകാലത്ത് ജാതിയും മതവും മറന്ന് പ്രവർത്തിച്ചെങ്കിലും അതിന് ശേഷം ജാതിമത സ്പർദ്ധയുടെ ദുർഭൂതങ്ങൾ ഉണർന്ന് എഴുന്നേൽക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അദ്ധ്യാപകനായി എന്നതിനേക്കാൾ മനുഷ്യനായി എന്നതിലാണ് അഭിമാനം തോന്നുന്നതെന്നും ആവർത്തിച്ചുപറഞ്ഞു.
ശ്രീനാരായണീയ ദർശനങ്ങളുടെ പൊരുളറിഞ്ഞ സാനു മാഷ് ' അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നും സുഖത്തിനായ് വരേണം' എന്ന് കരുതിയ സാമൂഹ്യപ്രതിബദ്ധതയുടെ പ്രതീകമായിരുന്നു. നിരവധി തലമുറകളുടെ ജീവിതവഴികളിൽ അക്ഷരത്തിന്റെയും അറിവിന്റെയും വെളിച്ചം വിതറിയ പ്രകാശഗോപുരമായിരുന്നു മാഷ്.
കേരളം കണ്ട ഏറ്റവും മികച്ച വാഗ്മിയും പ്രഭാഷകനും ആയ സാനു മാഷിന്റെ ഓർമ്മകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.ഡോ. ആർ.ബിന്ദു , ഉന്നതവിദ്യാഭ്യാസ മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |