തൃശൂർ: വേദികളെ കുടുകുടാ ചിരിപ്പിച്ച നവാസ് പഠനകാലത്തു തന്നെ സകലകലകളിലും കൈവെച്ച പ്രതിഭ. ശബ്ദാനുകരണത്തിലൂടെ നടൻമാരെ അരങ്ങിലെത്തിച്ചും മനോഹരമായി പാടിയും ഏവരുടെയും മനസ് കീഴടക്കി. വടക്കാഞ്ചേരി ഗവ. ബോയ്‌സ് സ്‌കൂളിലെ വിദ്യാർത്ഥിയായിരിക്കെ സ്‌കൂൾ നാടകങ്ങളിലെ പല വേഷങ്ങൾക്കും ഭാവം പകർന്നു. പിതാവായ അതുല്യ നടൻ അബൂബക്കറിന്റെ പാതയിലൂടെ കലാ ലോകത്തേക്ക് നടന്നു കയറിയപ്പോഴേയ്ക്കും ആ കലാകാരൻ കലാഭവൻ നവാസായി വളർന്നിരുന്നു. എറണാംകുളത്താണ് സ്ഥിരതാമസമെങ്കിലും വടക്കാഞ്ചേരിയുടെ സാംസ്‌കാരിക രംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു നവാസ്. പ്രശസ്ത സംവിധായകൻ ഭരതൻ സംവിധാനം നിർവഹിച്ച കേളി, വെങ്കലം എന്നീ സിനിമകളിലൂടെ സിനിമാജീവിതത്തിനും തുടക്കമിട്ടു. അഭിനയം എന്ന ലക്ഷ്യത്തോടെ ഉമ്മ നദീറയുടെ എറണാകുളത്തുള്ള കുടുംബ വീട്ടിലേക്ക് താമസം മാറ്റി. നവാസിനെ കലാഭവൻ നവാസാക്കി മാറ്റിയത് കലാഭവൻ പ്രിൻസിപ്പൽ ഫാ. ആബേലായിരുന്നു. ആദ്യം ഗാനമേള ട്രൂപ്പിന്റെ കൂടെയുള്ള മിമിക്‌സ് ടീമിലും പിന്നീട് മിമിക്‌സ് ട്രൂപ്പിലും നവാസ് പ്രധാന ആർട്ടിസ്റ്റായി മാറി. നൂറു കണക്കിനു വേദികളിലൂടെ ലഭിച്ച അനുഭവ സമ്പത്ത് നവാസിനെ അനുകരണ കലയിലെ അതുല്യ പ്രതിഭയാക്കി.
വിദേശത്തും കലാവേദികളിലെ താരം
അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നീ മിക്ക രാജ്യങ്ങളിലും കലാഭവൻ നവാസിന്റെ പ്രോഗ്രാമുകൾ പല തവണ അരങ്ങേറി. രണ്ട് പതിറ്റാണ്ടുകളായി അഭിനേതാവായും അവതാരകനായും നിറഞ്ഞ നവാസിന്റെ ക്യാരക്ടർ വേഷങ്ങളോടെ സിനിമയിലേക്കുള്ള തിരിച്ചു വരവിന്റെ തെളിവായിരുന്നു ഈയിടെ റിലീസ് ചെയ്ത ഇഴ, വനിത, ഡിക്ടറ്റീവ് ഉജ്ജ്വലൻ എന്നീ സിനിമകൾ. അഭിനേത്രി കൂടിയായ സഹധർമ്മിണി രഹ്നയോട് ഒന്നിച്ച് അഭിനയിച്ച ഇഴയിലെ നായക കഥാപാത്രത്തിന്റെ അഭിനയം മികച്ച നടനുള്ള പൂവച്ചൽ ഖാദർ പുരസ്‌കാരത്തിന് നവാസിനെ അർഹനാക്കി. ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന പ്രകമ്പനം എന്ന സിനിമയുടെ ഷെഡ്യൂളിനിടയിലാണ് ഹോട്ടലിൽ കുഴഞ്ഞുവീണ് മരിക്കുന്നത്.
വടക്കാഞ്ചേരിയുടെ സ്വന്തം
വടക്കാഞ്ചേരി കേന്ദ്രീകരിച്ചുള്ള കലാ സാംസ്‌കാരിക പ്രോഗ്രാമുകളിൽ പങ്കെടുക്കാൻ തൽപ്പരനായിരുന്നു നവാസ്. ഉത്രാളിക്കാവ് പൂരം എക്‌സിബിഷൻ വേദിയിലും സ്പന്ദനം വടക്കാഞ്ചേരിയുടെ നാടകോത്സവത്തിലും നിരവധി തവണ വേദി പങ്കിട്ടു. വടക്കാഞ്ചേരി സ്വനം സാംസ്‌കാരിക സമിതിയുടെ അംഗമെന്ന നിലയിൽ സ്വനത്തിന്റെ പരിപാടികളിൽ നിത്യസാന്നിദ്ധ്യമായിരുന്നു. മേയ് 8 ന് ആക്ട്‌സ് സ്ഥാപകദിന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തതാണ് ജന്മനാട്ടിൽ അവസാനം പങ്കെടുത്ത പൊതു പരിപാടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |