തൃശൂർ: ഇന്ന് വയോജന ദിനം, വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കാൻ ബോധവത്കരണ പരിപാടികൾ നടക്കുമ്പോഴും വയോജങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളിൽ അയവില്ല. ഇരിങ്ങാലക്കുടയിലും തൃശൂരിലും പ്രവർത്തിക്കുന്ന മെയിന്റനൻസ് ആൻഡ് ട്രൈബ്യുണലിൽ മാത്രം വർഷത്തിൽ എത്തുന്നത് അഞ്ഞൂറിലേറെ പരാതികളാണ്. ഇതിൽ 90 ശതമാനത്തിലേറെയും തീർപ്പ് കൽപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. മെയിന്റനൻസ് ആൻഡ് ട്രൈബ്യുണലിലേക്കാൾ കൂടുതൽ പരാതികൾ പൊലീസ് സ്റ്റേഷനുകളിലെത്തുന്നുണ്ട്.
പരാതികളേറെയും ആധാരം റദ്ദ് ചെയ്യാൻ
വയോജനങ്ങളിൽ നിന്നും ലഭിക്കുന്ന പരാതികളിൽ ഏറെയും ആധാരം റദ്ദ് ചെയ്യാനുള്ളവയാണ്. മക്കൾക്ക് സ്വത്ത് എഴുതി കൊടുത്ത ശേഷം സംരക്ഷിക്കാത്തതിനെ തുടർന്നാണ് ഇവർ പരാതി നൽകുന്നത്. സ്വത്ത് എഴുതി വാങ്ങിയ ശേഷം ഭാര്യ അവരുടെ വീടുകളിലേക്കും ഭർത്താവ് വിദേശത്തേക്കും പോകുന്ന നിരവധി സംഭവങ്ങളുണ്ട്. ഒപ്പം ചെലവിന് പണം നൽകാത്ത മക്കളെ കുറിച്ചുള്ള പരാതികളും മദ്യപിച്ചെത്തി മർദ്ദനവും വീട്ടിൽ നിന്ന് ഇറക്കി വിടലും തുടങ്ങി വിവിധ തരത്തിലുള്ള പരാതികളാണ് പൊലീസ് സ്റ്റേഷനുകളിലും മറ്റിടങ്ങളിലും എത്തുന്നത്. പിതാവിന്റെ മൃതദേഹം കൊണ്ടുവരും മുമ്പ് മകനും ഭാര്യയും വാതിൽ പൂട്ടി പോയതിനെ തുടർന്ന് വീടിന്റെ വരാന്തയിൽ മൃതദേഹം കിടത്തി സംസ്‌കാര ശ്രൂശുഷകൾ നടത്തിയ സംഭവം ജില്ലയിൽ ഏതാനും മാസം മുമ്പ് നടന്നിരുന്നു.
വയോജന ദിനാചരണം
അയ്യായിരത്തിലേറെ വയോജനങ്ങളെ അംഗങ്ങളാക്കി വോയ ക്ലബ്ബുകൾ രൂപീകരിച്ച് വയോ സംരക്ഷണം ഉറപ്പാക്കുന്നതിൽ മാതൃകയായ അരിമ്പൂരിൽ ഇന്ന് വയോജന ദിനാചരണം സംഘടിപ്പിക്കും. അരിമ്പൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ പത്തിന് ഗുരു ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ അദ്ധ്യക്ഷത വഹിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശശിധരൻ അവാർഡ് വിതരണം നടത്തും.
മെയിന്റൻസ് ആന്റ് ട്രൈബ്യുണലിൽ രജിസ്റ്റർ ചെയ്ത കേസുകൾ
2021 - 240
2022 - 288
2023 - 281
2024 - 286
2025 - 189
( ജനുവരി 1 മുതൽ ജൂലായ് 31 വരെ)
മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന
മെയിന്റനൻസ് ട്രൈബ്യൂണൽ വയോജനങ്ങൾക്കും മാതാപിതാക്കൾക്കും സംരക്ഷണവും നൽകുന്നു. താഴേത്തട്ടിലുള്ള വയോജനങ്ങൾക്ക് കൈത്താങ്ങാവാനുമാണ് ശ്രമം.
( അഖിൽ.വി.മേനോൻ, സബ് കളക്ടർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |