തൃശൂർ: ഉപജില്ല കായിക മേളകൾക്ക് ജില്ലയിൽ തുടക്കം കുറിച്ചപ്പോൾ കായിക താരങ്ങൾക്കത് ദുരിതമേളയായി. ഇന്നലെ വെസ്റ്റ്, ഈസ്റ്റ് ഉപജില്ല മത്സരങ്ങളാണ് ആരംഭിച്ചത്. അതിരാവിലെ നടത്തേണ്ട ദീർഘദൂര മത്സരങ്ങൾ നടത്തിയത് പൊരിവെയിലിൽ നട്ടുച്ചയ്ക്ക്. 3000 മീറ്റർ ഓട്ടത്തിനിടെ ഗ്രൗണ്ടിൽ തളർന്നുവീണ താരത്തെ കൊണ്ടുപോകാൻ ആംബുലൻസ് പോലും ഇല്ലാതെ കിടന്നത് 10 മിനിറ്റോളം. തോപ്പ് സ്റ്റേഡിയത്തിൽ ആരംഭിച്ച ഈസ്റ്റ് ഉപജില്ല കായിക മേളയാണ് സംഘാടന പിഴവുമൂലം താറുമാറായത്. രാവിലെ ആരംഭിക്കേണ്ട മത്സരങ്ങൾ തുടങ്ങിയത് പതിനാെന്നിനാണ്. ഇതിൽ 3000 മീറ്ററും ക്രോസ് കൺട്രി മത്സരങ്ങളും 12.30നാണ് നടത്തിയത്. ഇതിനിടയിലാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിനി തളർന്നുവീണത്. നാലു ദിവസങ്ങളിലായി നടത്തേണ്ട മത്സരങ്ങളാണ് രണ്ട് ദിവസങ്ങളിലായി നടത്തുന്നത്. വെസ്റ്റ് ഉപജില്ല മത്സരങ്ങൾ വിമല കോളേജ് ഗ്രൗണ്ടിലാണ്.
മെഡിക്കൽ ടീമില്ല
ഗ്രൗണ്ടിൽ അടിയന്തര ചികിത്സ നൽകുന്നതിന് മെഡിക്കൽ ടീമോ ഭക്ഷണ സൗകര്യമോ ഏർപ്പെടുത്താതെയായിരുന്നു കായിക മേള ആരംഭിച്ചത്. മത്സരങ്ങൾ അശാസ്ത്രീയമായ രീതിയിലാണ് നടത്തുന്നതെന്ന് രക്ഷിതാക്കളും പരിശീലകരും പറഞ്ഞു. മത്സരങ്ങൾ നിയന്ത്രിക്കാൻ ആവശ്യമായ കായികാദ്ധ്യാപകർ ഇല്ലാത്തതിനാൽ മറ്റ് അദ്ധ്യാപകരാണ് എത്തിയത്.
പ്രതിഷേധവുമായി രക്ഷിതാക്കൾ
മത്സരാർത്ഥി തളർന്ന് വിണതിനെ തുടർന്ന് രക്ഷിതാക്കൾ അദ്ധ്യാപകരുമായി കയർത്തു. കുട്ടികളുടെ പരിശീലകരെത്തിയാണ് പ്രാഥമിക ശ്രുശൂഷ നൽകിയത്. യാതൊരു സൗകര്യവും ഏർപ്പെടുത്താതെ പൊരിവെയിലിൽ ഓടിച്ചതിനെ തുടർന്നായിരുന്നു പ്രതിഷേധം.
പ്രതിഷേധമുയർത്തി ഫ്ലക്സ് ബോർഡുകൾ
എല്ലാ വിദ്യാലയങ്ങളിലും കായികാദ്ധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ടും കായികാദ്ധ്യാപക സംരക്ഷണം ആവശ്യപ്പെട്ടും കായികാദ്ധ്യാപക സംഘടനയുടെ നേതൃത്വത്തിൽ ഗ്രൗണ്ടുകളിൽ ഫ്‌ളക്‌സ് ബോർഡുകൾ ഉയർത്തി പ്രതിഷേധിച്ചു. കായിക മേളകളിൽ പങ്കാളികളാകാതെ ട്രാക്കിലിറങ്ങി പ്രതിഷേധിക്കാനായിരുന്നു തീരുമാനമെങ്കിലും മത്സരങ്ങൾ നടത്താൻ ഇറങ്ങണമെന്ന വിദ്യഭ്യാസ ഉപഡയറക്ടറുടെ ഉത്തരവിനെ തുടർന്ന് ഫ്‌ളക്ട് ബോർഡുകൾ സ്ഥാപിച്ച് പ്രതിഷേധമറിയിക്കുകയായിരുന്നു. ജില്ലയിലെ 1200ലേറെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലായി ആകെയുള്ളത് 184 കായികാദ്ധ്യാപകർ മാത്രമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |