തൃശൂർ : പത്ത് വർഷത്തെ എൽ.ഡി.എഫ് ഭരണം അവസാനിപ്പിച്ച് അധികാരത്തിലേറിയ യു.ഡി.എഫ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് തഴക്കവും പഴക്കവുമുള്ള മുഖങ്ങളെ. വനിതാ സംവരണമായ മേയർ സ്ഥാനത്തേക്ക് ഗാന്ധി നഗർ ഡിവിഷനിൽ നിന്ന് വിജയിച്ച മുൻ ഡെപ്യൂട്ടി മേയർ കൂടിയായ അഡ്വ.സുബി ബാബുവിനാണ് മുൻതൂക്കം. അതേസമയം ലാലൂരിൽ നിന്ന് റെക്കാഡ് ഭൂരിപക്ഷത്തോടെ വിജയിച്ച ലാലി ജയിംസും പരിഗണനയിലുണ്ട്. ഇരുവരും നാലാം തവണയാണ് കൗൺസിലിലെത്തുന്നത്.
2015ൽ ഐ.പി.പോൾ മേയറായിരിക്കെ ഡെപ്യൂട്ടി മേയറായിരുന്നു സുബി. അഭിഭാഷകയും ഡി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്നു. എൽ.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥിയായ ലിസി ജോയിയെ 1500 ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലാലി പരാജയപ്പെടുത്തിയത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണായിരുന്ന മുക്കാട്ടുകര ഡിവിഷനിൽ നിന്ന് വിജയിച്ച ശ്യാമള മുരളീധരൻ, പനമുക്കിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഷീന ചന്ദ്രൻ എന്നിവരുടെ പേരും സാദ്ധ്യതാ പട്ടികയിലുണ്ട്. സാമുദായിക പരിഗണനയിലും മറ്റും കൂടുതൽ പേരെ ഉൾപ്പെടുത്തേണ്ടി വന്നാൽ ഒത്തു തീർപ്പെന്ന നിലയിൽ ഒരോരുത്തർക്കും വീതം വെച്ച് നൽകേണ്ട സാഹചര്യമുണ്ടാകും. മുൻകാലങ്ങളിൽ ഗ്രൂപ്പിനായിരുന്നു മുൻതൂക്കമെങ്കിലും അത് ഒരു പരിധി വരെ നിലച്ചു.
ഡെപ്യൂട്ടി മേയർ : പ്രസാദിന് സാദ്ധ്യത ?
ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് കെ.പി.സി.സി സെക്രട്ടറി കൂടിയായ എ.പ്രസാദിന്റെ പേരിനാണ് പ്രഥമ പരിഗണന. നേരത്തെയും കൗൺസിലിൽ ഉണ്ടായിരുന്നയാളാണ് പ്രസാദ്. കെ.എസ്.യുവിലൂടെ പൊതുപ്രവർത്തന രംഗത്തേക്കു വന്ന പ്രസാദ് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ഭാരവാഹിയും ഡി.സി.സി ജനറൽ സെക്രട്ടറിയുമായിട്ടുണ്ട്. സിവിൽ സ്‌റ്റേഷൻ ഡിവിഷനിൽ നിന്നാണ് വിജയിച്ചത്. അതേസമയം ഡെപ്യൂട്ടി മേയർ സ്ഥാനം നോട്ടമിട്ട് മിഷൻ ക്വാർട്ടേഴ്‌സിൽ നിന്ന് വിജയിച്ച ബൈജു വർഗീസും രംഗത്തുണ്ട്. അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോർപറേഷൻ ഭരണം യു.ഡി.എഫിന് ലഭിക്കാതിരുന്നതിന്റെ പ്രധാന കാരണം ബൈജു വർഗീസാണെന്ന ആരോപണവുമായി ഒരു വിഭാഗം രംഗത്തുണ്ട്. മേയർ എം.കെ.വർഗീസ് ലക്ഷ്യമിട്ട നെട്ടിശേരി സീറ്റിനായി നിർബന്ധം പിടിച്ച ബൈജു എം.കെ.വർഗീസിനെ കോൺഗ്രസിന് പുറത്തെത്തിക്കുന്നതിന് ഇടയാക്കുകയായിരുന്നു.
പിന്നീട് എം.കെ.വർഗീസ് ഇടതുപിന്തുണയിൽ മേയറായി. മിഷൻ ക്വാർട്ടേഴ്‌സ് വാർഡിൽ ബൈജുവിന് സീറ്റ് നൽകിയതിനെതിരെ മുൻ കൗൺസിലർ കൂടിയായ ജോർജ്ജ് ചാണ്ടിയും മത്സരിച്ചിരുന്നു. ഇവിടെ ബൈജു 43 വോട്ടിനാണ് വിജയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |