തൃശൂർ: കൗമാര കലാമേളയായ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് പന്തൽ കാൽനാട്ടിയതോടെ തൃശൂർ കലോത്സവ മൂഡിലേക്ക്. ജനുവരി 14 മുതൽ 18 വരെയാണ് 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്നത്. പ്രധാന വേദിയായ തേക്കിൻക്കാട് മൈതാനത്താണ് മോഹിനിയാട്ടം, ഭരതനാട്യം, നാടോടി നൃത്തം തുടങ്ങിയവ അരങ്ങേറുന്നത്. ഇവിടെ വിശാലമായ പന്തൽ നിർമ്മിക്കും. പ്രധാന വേദിയിൽ മരങ്ങൾ ഉള്ളതിനാൽ ഹാംഗർ പന്തലായിരിക്കും. വേദിയും സദസും അടക്കം അറുപതിനായിരം സ്‌ക്വയർ ഫീറ്റുണ്ടാകും.
24 ന് പന്തലിന്റെ പണി ആരംഭിച്ച് ജനുവരി പത്തിന് അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പാലസ് ഗ്രൗണ്ടിലാണ് മത്സരാർത്ഥികൾക്കും അതിഥികൾക്കുമായുള്ള ഭക്ഷണശാല. ഇവിടെ ജർമ്മൻ പന്തലായിരിക്കും. എഴുപതിനായിരം സ്‌ക്വയർ ഫീറ്റാണിത്. സംസ്‌കൃത കലോത്സവം പതിമൂന്നാം വേദിയായ ജവഹർ ബാലഭവനിലാണ്. അറബിക് കലോത്സവം പതിനാറ്, പതിനേഴ് വേദികളായ സി.എം.എസ്. എച്ച്.എസ്.എസിലായിരിക്കും.
സംഘാടകസമിതിയും മാറും
തദ്ദേശ തിരഞ്ഞെടുപ്പിലെ ഭരണമാറ്റവും സ്ഥാനമാറ്റവും കാരണം സംഘാടകസമിതിയും മാറും. കോർപറേഷനിലെ ഭരണമാറ്റമാണ് കലോത്സവ കമ്മിറ്റി മാറ്റത്തിൽ നിർണ്ണായകമായത്. എൽ.ഡി.എഫ് ഭരിച്ചിരുന്ന കോർപറേഷൻ യു.ഡി.എഫിനാണ്. മേയർ, ഡെപ്യൂട്ടി മേയർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, പ്രതിപക്ഷ കക്ഷിനേതാവ് തുടങ്ങിയ തസ്തികകൾക്കും മുതിർന്ന ജനപ്രതിനിധികൾക്കും വിവിധ കമ്മിറ്റികളുടെ ചെയർമാൻ സ്ഥാനം നൽകിയിരുന്നു.
സ്റ്റാളുകൾക്ക് അപേക്ഷിക്കാം
പ്രധാന വേദിയായ തേക്കിൻകാട് മൈതാനം ഉൾപ്പെടെയുള്ള വേദികൾക്ക് സമീപം വിവിധ വാണിജ്യ ആവശ്യങ്ങൾക്കായി സ്റ്റാളുകൾ സജ്ജീകരിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. 2026 ജനുവരി അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി നിശ്ചിത മാതൃകയിലുള്ള അപേക്ഷ തപാൽ മാർഗ്ഗമോ നേരിട്ടോ തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് സമർപ്പിക്കണം. സ്റ്റാളുകൾ അനുവദിക്കുന്നതിനുള്ള ലേലം ജനുവരി പതിനൊന്നിന് അഞ്ച് മണിക്ക് തൃശൂർ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. പങ്കെടുക്കുന്നവർ നിരതദ്രവ്യമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിൽ ദേശസാൽകൃത ബാങ്കിൽ നിന്നും 25,000 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സമർപ്പിക്കണം. വിലാസം: ദ ഡെപ്യൂട്ടി ഡയറക്ടർ ഒഫ് എജ്യുക്കേഷൻ, രണ്ടാം നില, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശൂർ സെൻട്രൽ 680001.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |