വടക്കാഞ്ചേരി: ഗുരുദേവൻ സ്ഥാപിച്ച നടരാജ ഗിരിശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രം ശതാബ്ദി ആഘോഷ ചടങ്ങുകൾക്ക് ഇന്ന് സമാപനം. ജനുവരി 19 ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് ഒരു വർഷം നീണ്ടു നിന്ന ആഘോഷത്തിനാണ് സമാപനമാകുന്നത്.
സമാപന സമ്മേളനം വെള്ളാപ്പള്ളി നടേശൻ രാവിലെ 11 ന് ഉദ്ഘാടനം ചെ യ്യും. എസ്.എൻ.ഡി.പി. യോഗം തലപ്പിപ്പിള്ളി യൂണിയൻ പ്രസിഡന്റ് എം.എസ്. ധർമ്മരാജൻ അദ്ധ്യക്ഷനാകും. രാവിലെ 10 ന് അമരിപ്പാടം ശ്രീഗുരുനാരായണാശ്രമത്തിലെ സ്വാമി ബ്രഹ്മസ്വരൂപാനന്ദയുടെ ഭക്തി പ്രഭാഷണവും ഉണ്ടാകും. സഹായ വിതരണം, അന്ന-വസ്ത്ര വിതരണം, സമ്മാനദാനം എന്നിവയും നടക്കുമെന്ന് ആഘോഷ കമ്മിറ്റി സെക്രട്ടറി ടി.ആർ.രാജേഷ് അറിയിച്ചു. ഉദ്ഘാടന ചടങ്ങിന് വൈസ്പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എത്തിയിരുന്നു. ഗൃഹസമ്പർക്കം, വിദ്യാഭ്യാസം, ആത്മീയം, ക്ഷേമം, കാരുണ്യം, വികസനം, സംഘടന,കല, കായികം, ആരോഗ്യം, ഭിന്നശേഷി സഹായം എന്നീ പരിപാടികൾ കഴിഞ്ഞ ഒരു വർഷംകാലം നടന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് നടരാജഗിരിയിൽ അനുമോദന സംഗമമൊരുക്കും.
അന്നദാനമണ്ഡപം ഇന്ന് തുറക്കും.
ക്ഷേത്രത്തിന് സമീപം ശതാബ്ദിസ്മാരകമായി അന്നദാന മണ്ഡപം ഒരുങ്ങി.10 ലക്ഷം രൂപ ചെലവഴിച്ച് 900 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് നിർമ്മാണം. ഇന്ന് രാവിലെ വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. ജനുവരി 19 ന് തുഷാർ വെള്ളാപ്പള്ളിയാണ് ശിലാസ്ഥാപനം നിർവഹിച്ചത്. ഇനി മുതൽ ക്ഷേത്രത്തിലെത്തുന്നവർക്ക് രാവിലെ പ്രഭാത ഭക്ഷണവും ഉച്ചയൂണും ലഭിക്കും. ഇതിനായി ജീവനക്കാരേയും ചുമതലപ്പെടുത്തി.
ആരാധനാ സ്വാതന്ത്ര്യം
ലഭിച്ചിട്ട് നൂറ് വയസ്
തലപ്പിള്ളിയിലെ ഈഴവരാദി പിന്നോക്ക സമൂഹത്തിന് ആരാധനാ സ്വാതന്ത്ര്യം ലഭിച്ചിട്ട് നൂറ് വയസ്. 1925 മാർച്ച് 22 നായിരുന്നു ക്ഷേത്ര പ്രവേശനത്തിലൂടെ ഈശ്വരദർശന സ്വാതന്ത്ര്യം ലഭിച്ചത്. ഗുരുദേവൻ പാർളിക്കാടെത്തി ക്ഷേത്രനിർമ്മാണത്തിന് നേതൃത്വം നൽകിയെന്നതാണ് ചരിത്രം. മാടച്ചിം പാറ തറവാട്ടുകാരാണ് നിർമ്മാണത്തിന് ഭൂമി നൽകിയത്. ഒറ്റ ശ്രീകോവിലിലായിരുന്നു നിർമ്മാണം. എസ്.എൻ.ഡി.പി. തലപ്പിള്ളി യൂണിയന്റെ നേതൃത്വത്തിൽ 2014 ൽ ദേവപ്രശ്‌നം നടക്കുകയും ക്ഷേത്രം നവീകരിക്കുകയും ചെയ്തു. 2019 ൽ പഞ്ചലോഹ ഗുരുദേവ പ്രതിഷ്ഠ നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |