തൃശൂർ: വാളയാർ - ഇടപ്പള്ളി ദേശീയപാതയിലെ 11 അടിപ്പാതകൾ നിർമ്മാണം തുടങ്ങിയിട്ട് രണ്ട് വർഷം പിന്നിടുമ്പോഴും എന്ന് പൂർത്തീകരിക്കുമെന്നറിയാതെ യാത്രക്കാർ ദുരിതത്തിൽ. 2024 മാർച്ചിൽ തുടങ്ങിയ നിർമ്മാണം 16 മാസത്തിനകം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം.
2025 ജൂലായ്, ആഗസ്ത് മാസത്തോടെ നിർമ്മാണം പൂർത്തിയാക്കേണ്ട പദ്ധതിക്ക് ആദ്യം 2025 സെപ്തംബർ വരെയും പിന്നീട് ഡിസംബർ വരെയും കാലാവധി നീട്ടി. ഇപ്പോഴും 25-50 ശതമാനം വരെ മാത്രമാണ് പൂർത്തീകരിച്ചത്. കാലതാമസം വരുന്നതിൽ ഹൈക്കോടതി വരെ ഇടപെട്ടു. പ്രധാന അടിപ്പാതകളുടെയും അനുബന്ധ റോഡുകളുടെയും നിർമ്മാണം പൂർത്തീകരിക്കാൻ 2026 പകുതിയെങ്കിലും ആയേക്കും.
സാങ്കേതികതടസങ്ങളും അസംസ്‌കൃത വസ്തുക്കളുടെ കുറവുമാണ് നിർമ്മാണം നീളാൻ കാരണം. മണ്ണ്, കല്ല് എന്നിവയുടെ ലഭ്യതക്കുറവും കാലാവസ്ഥാ വ്യതിയാനവുമാണ് മെല്ലെപ്പോക്കിന് കാരണമെന്നാണ് ദേശീയപാതാ അതോറിറ്റിയുടെ വിശദീകരണം. തൃശൂർ ജില്ലയിലെ ആമ്പല്ലൂർ, പേരാമ്പ്ര, മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര എന്നീ അഞ്ച് അടിപ്പാതകളുടെ നിർമ്മാണമാണ് ഗതാഗത തടസമുണ്ടാക്കുന്നത്. ശബരിമല സീസൺ, ഉത്സവങ്ങൾ, അവധി ദിനങ്ങൾ എന്നിവയോട് അനുബന്ധിച്ച് ദേശീയപാത 544ലെ തിരക്കും കുരുക്കും ഇരട്ടിയാകുന്നുണ്ട്.
നിർമ്മാണം ഇതുവരെ
കൊരട്ടിയിൽ മേൽപ്പാലം നിർമ്മാണത്തിന്റെ ഭാഗമായി സർവീസ് റോഡുകൾ നിർമ്മാണം തുടങ്ങി. മേൽപ്പാലത്തിന്റെ സ്ട്രക്ചർ നിർമ്മാണം മാത്രമാണ് പൂർത്തിയാക്കിയത്. ഫൗണ്ടേഷൻ പൂർത്തിയാക്കിയെങ്കിലും സൈഡ് വാൾ നിർമ്മാണം പൂർത്തിയാക്കി മണ്ണ് നിറയ്ക്കുന്ന പ്രവൃത്തി ബാക്കിയാണ്. മുരിങ്ങൂരിൽ സ്ട്രക്ചർ പൂർത്തിയാക്കി മണ്ണ് നിറയ്ക്കുന്ന പ്രവൃത്തികളാണ് നടക്കുന്നത്. ഇവിടെ രണ്ടിടത്തുമാണ് തൃശൂർ ഭാഗത്ത് കൂടുതൽ കുരുക്ക്. കുരുക്ക് അനുഭവപ്പെടുമ്പോൾ എറണാകുളത്ത് നിന്നും തൃശൂരിലേക്കുള്ള പാതയിൽ കൊരട്ടി വഴിയും തൃശൂരിൽ നിന്നും എറണാകുളത്തേക്കുള്ള ദേശീയപാതയിൽ നിന്നും മേലൂർ വഴിയും തിരിച്ചുവിടുന്നുണ്ട്. ഇതുമൂലം യാത്രയ്ക്ക് കുറഞ്ഞത് അരമണിക്കൂറോളം അധികസമയം വേണ്ടിവരുന്നു.
മേൽപ്പാലങ്ങൾ
(തൃശൂർ - എറണാകുളം പാത)
അമ്പല്ലൂർ, പേരാമ്പ്ര, മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര
(പാലക്കാട് - മണ്ണുത്തി പാത)
കാഴ്ചപ്പറമ്പ്, കുഴൽമന്ദം, ആലത്തൂർ, വാണിയമ്പാറ, മുടിക്കോട്, കല്ലിടുക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |