
തൃശൂർ : നഗരത്തിന് വിസ്മയ കാഴ്ച്ചയായി ബോൺ നത്താലെ. ആയിരക്കണക്കിന് സാന്താപുഷ്പങ്ങൾ സ്വരാജ് റൗണ്ടിലൂടെ ഒഴുകി. ബോൺ നത്താലെ ഗാനങ്ങൾക്ക് ഒപ്പം ആയിരക്കണക്കിന് പാപ്പാമാർ നൃത്തച്ചുവടുകളുമായി നിറഞ്ഞപ്പോൾ അത്ഭുത കാഴ്ച്ചയായി.
ഭക്തിനിർഭരമായ ക്രിസ്മസ് രാവിന്റെ ആത്മീയതയിൽനിന്ന് പാപ്പാപ്പൂരത്തിന്റെ മാസ്മരിക ദൃശ്യങ്ങൾ പകർന്ന് ഒഴുകുകയായിരുന്നു. ഒരേ താളത്തിൽ ചുവടുവച്ച പാപ്പാമാരുടെ ഫ്‌ളാഷ് മോബ് നൃത്തങ്ങളും മനോഹരമായ നിശ്ചലദൃശ്യങ്ങളും സാംസ്‌കാരിക നഗരിക്ക് വിസ്മയക്കാഴ്ചകളൊരുക്കി.
വേനൽത്തുമ്പികളെപ്പോലെ ഇരമ്പിപ്പറക്കുന്ന സ്‌കേറ്റിംഗ് പാപ്പാമാരുടെ അഭ്യാസമികവുമായാണ് ബോൺനത്താലെ റാലി നഗരത്തിലേക്ക് പ്രവേശിച്ചത്. അതിന് പിറകിലായി സമ്മാനങ്ങൾ വാരിവിതറി റോബോട്ട് പാപ്പയും പറക്കുന്ന ഡ്രോൺ പാപ്പയും ചെറുതുരുത്തി ജ്യോതി എൻജിനീയറിംഗ് കോളജ് വിദ്യാർത്ഥികളുടെ മികവിന്റെയും പ്രതീകങ്ങളായി. തൊട്ടുപിറകിൽ കുതിരവണ്ടിയിൽ മന്ദംമന്ദം തിരുകുടുംബം. അതിനു പിറകിലായിരുന്നു ബോൺ നത്താലെയുടെ പ്രമുഖരടങ്ങുന്ന നേതൃനിര, കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി, മേയർ നിജി ജസ്റ്റിൻ, മന്ത്രിമാരായ കെ.രാജൻ, ആർ.ബിന്ദു, ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, മാർ ഔഗിൻ കുര്യാക്കോസ്, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട്, സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, എം.എൽ.എമാരായ സേവ്യർ ചിറ്റിലപ്പിള്ളി, സനീഷ് കുമാർ ജോസഫ് എന്നിവരാണ് തൃശൂർ പൗരാവലിയുടെയും തൃശൂർ അതിരൂപതയുടെയും നേതൃത്വത്തിലുള്ള ബോൺ നത്താലെ ഘോഷയാത്രയെ തൃശൂരിന്റെ സാംസ്‌കാരികോത്സവമാക്കി നയിച്ചത്.
അഴകായി നിശ്ചദൃശ്യങ്ങൾ
തൃശൂർ: നഗരവീഥിയിലൂടെ ഒഴുകിയ നിശ്ചലദൃശ്യങ്ങൾ അഴകായി. അർണോസ് പാതി, ചാവറയച്ചൻ എന്നിവരുടെ ദൃശ്യങ്ങളുമായി ഭാരതത്തിന് ക്രൈസ്തവരുടെ സംഭാവനകൾ ഓർമിപ്പിക്കുന്ന ഫ്ളോട്ട്, മദർതെരേസയ്ക്ക് ചുറ്റു കൊൽക്കത്തയിലെ തെരുവുകാഴ്ചകൾ, മോശയും പത്തു ദൈവ കല്പനകളും, ദാവീദും ഗോലിയാത്തും, സാംസൺ സിംഹത്തിന്റെ തലതകർക്കുന്ന ദൃശ്യം തുടങ്ങിയവ ശ്രദ്ധേയമായി. ഗലീലി തടാകത്തിൽ യേശുവും ശിഷ്യന്മാരും പൂരപ്രൗഢിയുടെ നേർക്കാഴ്ചയൊരുക്കി തെക്കേഗോപുരനട തള്ളിത്തുറന്നുവരുന്ന ചമയാലങ്കാരവിഭൂഷിതമായ കരിവീരച്ചന്തം, പുലിക്കളി, കൂടിയാട്ടം കഥകളി, ഭരതനാട്യം, ഒപ്പന, മാർഗം കളി ഫ്ളോട്ട് തുടങ്ങി നിരവധി നിശ്ചല ദൃശ്യങ്ങൾ നഗരത്തിന് വിരുന്നായി മാറി,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |