തൃശൂർ: കടുത്ത വേനലിനിടെ ചിമ്മിനി ഡാമിൽ നിന്നുള്ള ജലവിതരണം നിലച്ചതോടെ ജില്ലയിലെ കോൾപ്പാടങ്ങൾ വീണ്ടും കരിഞ്ഞുണങ്ങി. ഡാമിലെ വെള്ളം പരിസരപ്രദേശങ്ങളിൽ കരഭൂമിക്കൃഷിക്കും മറ്റുമായി ഉപയോഗിക്കുന്നതാണ് കോൾപ്പാടങ്ങളിലേക്കുള്ള വെള്ളമൊഴുക്ക് നിലച്ചത്. കതിരിട്ടു തുടങ്ങിയ നെൽക്കൃഷി വെള്ളമില്ലാതെ നശിക്കുകയാണ്. പടിഞ്ഞാറൻ വടക്കൻ മേഖലകളായ അടാട്ട്, പുല്ലഴി, പറപ്പൂർ കോൾപ്പാടങ്ങളിലാണ് പ്രതിസന്ധി രൂക്ഷം. ചിമ്മിനി ഡാമിൽ നിന്നാണ് പതിറ്റാണ്ടുകളായി കോൾ നിലങ്ങളിൽ നെൽക്കൃഷിക്കായി വെള്ളമെത്തിക്കുന്നത്. എന്നാൽ ഈ വർഷം വെള്ളമെത്തിക്കുന്നതിൽ ഇറിഗേഷൻ വകുപ്പിന്റെ ഇടപെടലുണ്ടായില്ല. ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയറുടെ അനുമതിയില്ലാതെ കാനാതോട് റെഗുലേറ്റർ അടച്ചെന്നാണ് ജില്ലാ കോൾ കർഷകസംഘത്തിന്റെ ആരോപണം.
പ്രതിഷേധവുമായി കർഷകസംഘം
വെള്ളം ലഭ്യമാക്കുന്നതിൽ ഇറിഗേഷൻ വകുപ്പിന് പാളിച്ചയുണ്ടായെന്ന് ആരോപിച്ച് ജില്ലാ കോൾകർഷക സംഘം ഉപദേശകസമിതി യോഗത്തിൽ പ്രതിഷേധിച്ചു. ഇതോടെ കൃഷിയിടങ്ങളിലേക്ക് ഉടൻ വെള്ളം തുറന്നുവിടാമെന്ന് ഇറിഗേഷൻ അധികൃതർ ഉറപ്പ് നൽകി. കാനാതോട് റെഗുലേറ്റർ അടച്ചത് അതീവഗൗരവമേറിയ വിഷയമാണെന്നും നെൽക്കർഷകരോടുള്ള വഞ്ചനയാണെന്നും കർഷകസംഘം പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. വെള്ളം തടഞ്ഞതിനെതിരെ നിയമനടപടി സ്വീകരിക്കണം. ഭാവിയിൽ കാനാതോട് റെഗുലേറ്ററിന്റെ നിയന്ത്രണം ഇറിഗേഷൻ വകുപ്പിൽ നിക്ഷിപ്തമാക്കണമെന്നും ഉപദേശക കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമേ തുറക്കാനോ അടയ്ക്കാനോ പാടുള്ളൂവെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. വെളളം തുറന്നുവിട്ടാലും വടക്കൻ മേഖലയിലെത്താൻ മൂന്നുദിവസമാകും. അടുത്തയാഴ്ച വീണ്ടും ഉപദേശകസമിതി യോഗം വിളിക്കും. കോൾ കർഷക സംഘം പ്രസിഡന്റ് മുരളി പെരുനെല്ലി, എൻ.കെ.സുബ്രഹ്മണ്യൻ, പി.ആർ.വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
മഞ്ഞിലും വേനലിലും നഷ്ടം
കഴിഞ്ഞ മാസം മുല്ലശേരി കനാലിലും അനുബന്ധ ഉൾച്ചാലുകളിലും ഉപ്പുവെള്ളം നിറഞ്ഞതും കോൾക്കൃഷിയെ പ്രതിസന്ധിയിലാക്കി. പുല്ലഴിക്കോളിൽ മൂടൽമഞ്ഞും മൂടിക്കെട്ടിയ അന്തരീക്ഷവും ഉത്പാദനം കുറച്ചു. ഉപ്പുവെള്ളത്തിന്റെ പ്രതിസന്ധി മൂലം കഴിഞ്ഞ വർഷങ്ങളിൽ കോൾമേഖലയിലെ കൃഷി ലാഭകരമല്ലെന്ന് കർഷകർ പറയുന്നു. കനാലുകളിൽ ജലനിരപ്പ് താഴ്ന്നതോടെ ഉപ്പുവെള്ളം കോൾ മേഖലയിലെ മുഴുവൻ ഉൾച്ചാലുകളിലുമെത്തി. കോൾപ്പാടത്ത് വെള്ളത്തിന് ക്ഷാമമില്ല. ഫെബ്രുവരി അവസാനം കൊയ്ത്ത് തുടങ്ങും. മാർച്ച് അവസാനത്തോടെ കൊയ്ത്ത് തീരും.
കോൾപ്പാടങ്ങളിൽ വെളളമെത്തിക്കുന്നതിൽ കാലതാമസമുണ്ടായാൽ അത് വലിയ പ്രതിസന്ധിയുണ്ടാക്കും.
ഗോപിനാഥൻ കൊളങ്ങാട്ട്
വൈസ് പ്രസിഡന്റ്
ജില്ലാ കോൾ കർഷക സംഘം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |