
ചിറയിൻകീഴ്: തീരദേശ മേഖലയിലെ അടച്ചുറപ്പില്ലാത്ത ഷീറ്റിട്ട വീടുകളിലെ താമസക്കാർ ഇഴജന്തു ഭീതിയിൽ.ഇക്കഴിഞ്ഞ ദിവസം അഴൂർ മൂലയിൽ കമ്പിക്കകം വീട്ടിൽ എട്ടുവയസുകാരൻ ദിക്ഷലിന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം സംഭവിച്ചതും,അടച്ചുറപ്പിലാത്ത ഷീറ്റിട്ട വീട്ടിൽ വച്ചായിരുന്നു.ഇത്തരത്തിൽ തീരദേശ മേഖലയിൽ നിരവധി വീടുകളുണ്ട്.
അന്തിയുറക്കത്തിന് ചുമരിന്റെ സംരക്ഷണമില്ലാത്ത,താത്കാലിക ഷീറ്റുകൾ ചുവരിന്റെ സ്ഥാനത്ത് നിരത്തിയ ഷെഡുകളാണ് പലരുടെയും വീടുകൾ.
ഇത്തരം വീടുകളിലെ വിടവുകളിൽ കൂടിയും അല്ലാതെയും ഇഴജന്തുക്കൾക്ക് എളുപ്പം വീടിനുള്ളിലേക്ക് പ്രവേശിക്കാനാവും.പോരാത്തതിന് പരിസരപ്രദേശം പുല്ലും വള്ളിപ്പടർപ്പുകളും വളർന്ന് കുറ്റിക്കാട് കൂടിയാകുമ്പോൾ.
അഴൂർ കുഴിയം കോളനിയിൽ നൂറിലേറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്.അടച്ചുറപ്പിന്റെ സംരക്ഷണമില്ലാത്ത നിരവധി വീടുകളാണ് ഇവിടെയുള്ളത്.ഇവരിൽ പലർക്കും സർക്കാരിന്റെ ഭവന പദ്ധതികളിൽ ഇടംപിടിക്കാൻ സാധിച്ചിട്ടില്ല.
വേനൽച്ചൂട് കടുത്തതിനാൽ മാളങ്ങളിലുള്ള പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കെത്തുന്ന സമയമാണിത്.അവധിക്കാലമായതിനാലും പുറത്ത് ചൂട് കൂടുതലായതിനാലും കുട്ടികൾ കൂടുതൽ സമയവും ചെലവഴിക്കുന്നത് വീട്ടിനുള്ളിലാണ്.അതിനാൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നുള്ള ഔദ്യോഗിക അറിയിപ്പുകൾ ലഭിക്കുമ്പോഴും,അതിന് പാങ്ങില്ലാത്ത ഒരു വിഭാഗം ഉണ്ടെന്നുള്ളതാണ് യാഥാർത്ഥ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |