അടിമാലി: ഭാരത് ഗ്യാസ് ഉൾപ്പെടെ വിവിധ ഗ്യാസ് ഏജൻസികളിൽ നിന്ന് അടിമാലി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന വിവിധ പ്രദേശങ്ങളിൽ പാചക വാതക സിലിണ്ടർ ലഭിക്കുന്നില്ലെന്ന് പരാതി. ഗുണഭോക്താക്കളുടെ ദുരിതം പരിഹരിക്കണമെന്നും നാളുകളായി ഗുണഭോക്താക്കൾക്ക് സിലിണ്ടറുകൾ ലഭിക്കുന്നില്ലെന്നും അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മോഹനൻ നായർ അറിയിച്ചു. യുദ്ധത്തിന്റെ മറവിൽ കൃത്രിമക്ഷാമമുണ്ടാക്കി സിലിണ്ടറുകൾ ഇരട്ടി വിലയ്ക്ക് മറിച്ചു വിറ്റ് സാധാരണ ജനത്തെ വഞ്ചിക്കുകയാണ്. പള്ളിവാസൽ, കുരിശുപാറ, കല്ലാർ, കൈലാസം, പണിക്കൻക്കുടി, ഉടുമ്പൻചോല, മുള്ളരിക്കുടി, പെരിഞ്ചാംകുട്ടി, മൈലാടുംപാറ, മുതിരപ്പുഴ തുടങ്ങി എല്ലാ പ്രദേശങ്ങളിലും മാസങ്ങളായി സിലിണ്ടറുകൾ ലഭിക്കുന്നില്ല. അതികഠിനമായ ചൂട് മൂലം ശരീരം ചുട്ടുപൊള്ളുന്ന ഈ സമയത്ത് അടിമാലി- കല്ലാർകുട്ടി റോഡിൽ ഭാരത് ഗ്യാസ് ഏജൻസി ഗ്യാസ് വിതരണം നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. എന്നാൽ യഥാർത്ഥ ഗുണഭോക്താക്കൾ പൊരിവെയിലത്ത് മണിക്കൂറുകളോളം ക്യൂ നിന്ന് പാചക വാതകം കിട്ടാതെ മടങ്ങി പോകേണ്ടി വരുന്നു. അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു നടപടിയും എടുക്കാതെ ഏജൻസികൾക്ക് വേണ്ടി നിലകൊള്ളുന്ന സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ നിലപാട് ദുരൂഹമാണ്. ജനങ്ങളെ കൊള്ളയടിക്കുന്ന നടപടി അവസാനിപ്പിച്ച് യഥാർത്ഥ ഗുണഭോക്താക്കൾക്ക് സിലിണ്ടറുകൾ അവരവരുടെ സ്ഥലങ്ങളിൽ നൽകുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കാത്ത പക്ഷം ജില്ലാ സപ്ലൈ ഓഫീസിൽ സത്യാഗ്രഹ സമര പരിപാടി അരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |