തൃശൂർ : ജില്ല ഇനി തിളച്ചുമറിയുന്ന തിരഞ്ഞെടുപ്പ് പോരാട്ട ചൂടിലേക്ക്. ഒരു കാലത്ത് എൽ.ഡി.എഫും യു.ഡി.എഫും ശക്തമായ സാന്നിദ്ധ്യം അറിയിച്ചിരുന്ന തൃശൂരിൽ കഴിഞ്ഞ രണ്ട് തവണയായി എൽ.ഡി.എഫ് പുലർത്തിയ ആധിപത്യം ഇത്തവണ തകർക്കാനാകുമോയെന്നാണ് ഉറ്റുനോക്കുന്നത്. ഇതിനിടയിൽ ബി.ജെ.പിയുടെ സാന്നിദ്ധ്യവും കൂടിയാകുമ്പോൾ പോരാട്ടം കടുക്കും. തൃശൂർ, ഒല്ലൂർ, ഇരിങ്ങാലക്കുട, നാട്ടിക, മണലൂർ മണ്ഡലങ്ങളിൽ മൂന്ന് മുന്നണികളും തമ്മിലുള്ള മത്സരം ശ്രദ്ധേയമാകും. കഴിഞ്ഞ തവണ തൃശൂരിൽ പി.ബാലചന്ദ്രനാണ് ഏറ്റവും കുറവ് (946) ഭൂരിപക്ഷം ലഭിച്ചതെങ്കിൽ ചേലക്കരയിൽ കെ.രാധാകൃഷ്ണന് ( 39,400) ആയിരുന്നു ഭൂരിപക്ഷം. ഇനി 25 ദിവസമാണുള്ളത്. അതുകൊണ്ട് തിരക്കേറിയ പ്രചാരണ ഷെഡ്യൂളാകും മുന്നണികൾക്ക്. ദേശീയ നേതാക്കളുടെ ഒഴുക്ക് ജില്ലയിലുണ്ടാകും.
റോഡ് ഷോയോടെ എൽ.ഡി.എഫ്
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം ജില്ലയിലെ 13 സീറ്റിൽ 12ലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൽ.ഡി.എഫ് രംഗത്തിറങ്ങി കഴിഞ്ഞു. സി.പി.എമ്മും സി.പി.ഐയും പൂർണമായും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. എല്ലാ മണ്ഡലങ്ങളിലും വൈകീട്ട് റോഡ് ഷോയോടെ ഇടതു സ്ഥാനാർത്ഥികൾ രംഗത്തിറങ്ങി.
യു.ആർ.പ്രദീപ് ( ചേലക്കര), സേവ്യർ ചിറ്റിലപ്പിള്ളി (വടക്കാഞ്ചേരി), എ.സി.മൊയ്തീൻ (കുന്നംകുളം), എൻ.കെ.അക്ബർ (ഗുരുവായൂർ), പ്രൊഫ.സി.രവീന്ദ്രനാഥ് (മണലൂർ), ഗീതാ ഗോപി (നാട്ടിക), കെ.കെ.വത്സരാജ് (കൈപ്പമംഗലം), വി.ആർ.സുനിൽ കുമാർ (കൊടുങ്ങല്ലൂർ), ഡോ.ആർ.ബിന്ദു ( ഇരിങ്ങാലക്കുട), കെ.കെ.രാമചന്ദ്രൻ (പുതുക്കാട്), അഡ്വ.കെ.രാജൻ(ഒല്ലൂർ), ആലങ്കോട് ലീലാ കൃഷ്ണൻ ( തൃശൂർ) എന്നിവർ റോഡ് ഷോയുമായി രംഗത്തെത്തി.
യു.ഡി.എഫിൽ കാത്തിരിപ്പ്
യു.ഡി.എഫിനെ സംബന്ധിച്ച് കോൺഗ്രസാണ് കൂടുതൽ സീറ്റിൽ മത്സരിക്കുന്നത്. 11 മണ്ഡലങ്ങളിൽ കോൺഗ്രസ് മത്സരിക്കുമ്പോൾ ഗുരുവായൂരിൽ മുസ്ലീം ലീഗും ഇരിങ്ങാലക്കുടയിൽ കേരള കോൺഗ്രസുമാണ് മത്സരിക്കുന്നത്. കോൺഗ്രസിനെ സംബന്ധിച്ച് മണലൂരിൽ ടി.എൻ.പ്രതാപനും കൊടുങ്ങല്ലൂരിൽ ഒ.ജെ.ജനീഷുമാണ് സ്ഥാനാർത്ഥിത്വം ഉറപ്പിച്ചത്. തൃശൂരിൽ രാജൻ പല്ലനെത്തുമെന്നാണ് അവസാനം വരെയും ലഭിക്കുന്ന റിപ്പോർട്ട്. മറ്റിടങ്ങളിലും അവസാനഘട്ടത്തിലെത്തി നിൽക്കുകയാണ്.
ബി.ജെ.പിയും അന്തിമഘട്ടത്തിലേക്ക്
ബി.ജെ.പി ലിസ്റ്റ് ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കും. തൃശൂരിൽ പത്മജയും മണലൂരിൽ അഡ്വ.കെ.കെ.അനീഷ് കുമാറുമാണ് സ്ഥാനാർത്ഥിത്വം ഉറപ്പിച്ചവർ. രണ്ട് സീറ്റിൽ ബി.ഡി.ജെ.എസ് മത്സരിക്കും. എ.നാഗേഷ്, ബി.ഗോപാലകൃഷ്ണൻ, ജേക്കബ്് തോമസ് എന്നിവർ വിവിധ മണ്ഡലങ്ങളിൽ പട്ടികയിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |